കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ കണക്കുകൂട്ടൽ പ്രകാരം നാല് മണ്ഡലങ്ങളിൽ മാത്രമാണ് വിജയ സാധ്യത. വടകര ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ തോൽക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സിപിഎം കണക്കിൽ വിജയ സാധ്യത നാല് മണ്ഡലങ്ങളിൽ മാത്രം. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎം ജയം ഉറപ്പിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമെന്നാണ് സിപിഎം വിലയിരുത്തൽ. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. വടകരയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ നിർണായകമാകും. പേരാമ്പ്രയിലും കുറ്റ്യാടിയിലും ഇടതു സ്ഥാനാർത്ഥികൾ കണക്കിൽ പിന്നിലെങ്കിലും വ്യക്തിഗത വോട്ട് കൂടി ലഭിച്ചാൽ ജയിച്ചു കയറും എന്ന് സിപിഎം കണക്കുകൂട്ടുന്നു. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കനത്ത പോരാട്ടം എന്നും സിപിഎം വിലയിരുത്തുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. പാലക്കാട് സീറ്റ് പിടിച്ചെടുക്കണമെങ്കിൽ 15,000 വോട്ടുകൾ അധികമായി നേടേണ്ടി വരുമെന്നും എൻ എം ആർ. റസാഖ് ഇവിടെ രണ്ടാമത് എത്തുമെന്നുമാണ് സി പി എം വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ ബി ജെ പി കോൺഗ്രസിനെയും, മലമ്പുഴയിൽ കോൺഗ്രസ് ബി ജെ പിയെയും സഹായിക്കുന്ന രീതിയിൽ വോട്ട് കച്ചവടം നടന്നതായും സി പി എം വിലയിരുത്തി. എങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും വിജയം പാർട്ടി ഉറപ്പിക്കുന്നുണ്ട്.