കോഴിക്കോട്: കോഴിക്കോട് കാരശേരിയില്‍ സിപിഎം പ്രാദേശിക നേതാവിന്‍റെ മരുമകനടക്കമുളള നാലംഗ സംഘം ഹൈദരാബാദില്‍ നിന്ന് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം  ലംഘിച്ചെത്തിയതായി ആരോപിച്ച് യുഡിഎഫ് പ്രതിഷേധം. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച് ഇവര്‍ നാട്ടിലെത്തിയെന്നാണ് പരാതി. നാട്ടിലെത്തിയ സംഘത്തിലെ യുവതിക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസം 13നാണ് കാരശേരിയിലെ സിപിഎം പ്രാദേശിക നേതാവിന്‍റെ  മരുമകനും സുഹൃത്തുക്കളായ മൂന്നു പേരും ഹൈദരാബാദില്‍ നിന്ന് നാട്ടിലെത്തിയത്. ഹൈദരാബാദിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍റെ പാസ് സംഘടിപ്പിച്ചായിരുന്നു യാത്ര. പാസ് ഉപയോഗിച്ച് കർണാടകയിൽ എത്തിയ ഇവർ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ആദ്യം അതിർത്തിയിൽ വെച്ച് ഉദ്യോഗസ്ഥർ തടഞ്ഞ് തിരിച്ചയച്ചു. 

Read More: ലോക്ക് ഡൗൺ ലംഘിച്ചു; കൊല്ലത്ത് ബിന്ദു കൃഷ്ണ അറസ്റ്റിൽ 

പിന്നീട് പാർട്ടി സ്വാധീനമുപയോഗിച്ച് കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടാണ് ഇവർ നാട്ടിലെത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. സിപിഎം നേതാവിന്‍റെ മരുമകനൊപ്പം കണ്ണൂരില്‍ നിന്നുളള ദമ്പതികളും കോഴിക്കോട് സ്വദേശിയായ മറ്റൊരാളുമുണ്ടായിരുന്നു. ഈ നാലു പേര്‍ക്കും നിരീക്ഷണത്തില്‍ കഴിയാനായി  ഒരു വീട് നല്‍കുകയും ചെയ്തിരുന്നു. 

Read More: എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് റെയില്‍പാളത്തിലൂടെ നടന്നു: ഫറൂഖില്‍ വച്ച് രണ്ട് പേര്‍ കസ്റ്റഡിയില്‍

എന്നാല്‍ ദന്പതികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തതും പ്രശ്നത്തില്‍ യുഡിഎഫ് ഇടപെട്ടതും.  നാട്ടിലെത്തിയ ശേഷം ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പറയുന്നു. അതേസമയം, ഇവര്‍ അതിര്‍ത്തി കടന്നെത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ പറഞ്ഞു.