കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ട്രെയിന്‍, ബസ് സര്‍വ്വീസുകളെല്ലാം നിര്‍ത്തിവച്ചിരുന്നു. എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നെത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് നിന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത്.

കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ രണ്ട് യുവാക്കളെയാണ്‌ ഞായറാഴ്ച രാത്രി പാളത്തില്‍വെച്ച് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തുനിന്ന് യാത്രതിരിച്ച ഇരുവരും റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോട് എത്തി. ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്നത് കണ്ട് നാട്ടുകാര്‍  വിവരം ഫറോക്ക് പൊലീസില്‍ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെതിയ ഫറോക്ക് എസ്ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ക്വാറന്റയിനില്‍ പ്രവേശിപ്പിക്കുന്നതിനായി 108 ആംബുലന്‍സിന്റെ സഹായം തേടിയെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.