മെഡിക്കൽ കോളേജ് ആശുപത്രിയിലെ അക്രമ കേസിൽ ഇപ്പോഴും വേണ്ടത്ര നടപടി പൊലീസ്  എടുത്തില്ലെന്ന് ആക്ഷേപമാണ് കോൺഗ്രസിനുള്ളത്. ആദ്യം ഈ അക്രമത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് ഇപ്പോൾ അക്രമകളെ സംരക്ഷിക്കാൻ രംഗത്തുവന്നിരിക്കുന്നതെന്നും പ്രവീൺ കുമാര്‍ കുറ്റപ്പെടുത്തി.

കോഴിക്കോട്: കോഴിക്കോട്മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന ഭയാനകമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ പ്രവീൺ കുമാർ. കൊലവിളിയും അക്രമവും നടത്തുന്ന ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാട് അപകടകരമാണ്. സിറ്റി പൊലീസ് കമ്മീഷണർക്ക് അല്പമെങ്കിലും നീതിബോധം ഉണ്ടായതുകൊണ്ടാണ് പ്രതികൾക്ക് കീഴടങ്ങേണ്ടി വന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അക്രമ കേസിൽ ഇപ്പോഴും വേണ്ടത്ര നടപടി പൊലീസ് എടുത്തില്ലെന്ന് ആക്ഷേപമാണ് കോൺഗ്രസിനുള്ളത്. ആദ്യം ഈ അക്രമത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് ഇപ്പോൾ അക്രമകളെ സംരക്ഷിക്കാൻ രംഗത്തുവന്നിരിക്കുന്നതെന്നും പ്രവീൺ കുമാര്‍ കുറ്റപ്പെടുത്തി.

മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ സിറ്റി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ഉന്നയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിന്‍റെ പേരിൽ പ്രതികളായ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ വേട്ടയാടുകയാണെന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ പേരിൽ പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരേയും അതിരൂക്ഷ വിമര്‍ശനമാണ് സിപിഎം ജില്ലാ നേതൃത്വം നടത്തിയത്. 

കേസ് അന്വേഷണത്തിന് എന്ന പേരിൽ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ അസമയത്ത് പൊലീസ് പരിശോധന നടത്തുന്നുവെന്നും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. തീവ്രവാദ കേസുകളിലേത് പോലെയാണ് കേസിൽ ചില പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. സിപിഎമ്മിനേയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേട്ടയാടാനും സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനും ആണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതു തുടര്‍ന്നാൽ പൊതുജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.