കോഴിക്കോട്: സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്ചയായി യുഡിഎഫ് ഭരണകാലത്ത് നിര്‍മ്മിച്ച  കോഴിക്കോട് ചേളന്നൂരില്‍ ഹൗസിങ്ങ് ബോര്‍ഡിന്‍റെ സാഫല്യം പാര്‍പ്പിട പദ്ധതി. കുടിവെളളം കിട്ടാത്തിടത്ത് കോടികള്‍ മുടക്കി കെട്ടിപ്പൊക്കിയ ഫ്ളാറ്റ് സമുച്ഛയം ഇന്നൊരു കാഴ്ച വസ്തു മാത്രമാണ്. കോഴിക്കോട് ചേളന്നൂര്‍ നെടൂളിത്താഴത്ത് കിടപ്പാടമില്ലാത്തെ 66 കുടുംബങ്ങള്‍ക്കായി ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയമാണ് കാടുപിടിച്ച് കിടക്കുന്നത്.

സാഫല്യം പദ്ധതി പ്രകാരം 2.31 കോടി രൂപ ഇതിനകം ചെലവാക്കി നിര്‍മിച്ച ഈ കെട്ടിടം ഇങ്ങനെ കാടു പിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞു. കുടിവെളളം കിട്ടുമോയെന്ന് അന്വേഷിക്കാതെ നിര്‍മാണം നടത്തിയതാണ് വിനയായത്. 2011-12ല്‍ യുഡിഎഫ് ഭരണകാലത്താണ് പദ്ധതി തുടങ്ങിയത്. 327 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 66 ഫ്ലാറ്റുകള്‍. 2015ഓടെ പദ്ധതിയുടെ 66 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി 2015 ല്‍ തന്നെ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം, പക്ഷേ നടന്നില്ല.

ഫ്ലാറ്റിന്‍റെ നിര്‍മാണരീതിയിലും അപാകത ഏറെയുണ്ട്. ഇടുങ്ങിയ മുറികളില്‍ കുടുംബമായി താമസിക്കാനേ കഴിയില്ലെന്ന് പദ്ധതിക്കായി കാത്തിരിക്കുന്നവര്‍ പറയുന്നു. സര്‍ക്കാര്‍ മാറി, പുതിയ സര്‍ക്കാര്‍ വന്നു. ലൈഫ് പാര്‍പ്പിട പദ്ധതിയുമായെത്തി. പക്ഷേ ചേളന്നൂരിലെ ഈ ഫ്ലാറ്റ് ആര്‍ക്കും ഉപകാരമില്ലാതെ ഇങ്ങനെ തന്നെ. കിടപ്പാടമെന്ന നിരവധി പേരുടെ സ്വപ്നങ്ങളിലാണ് കാട് മൂടി കിടക്കുന്നത്. രണ്ട് കോടിയില്‍ അധികം രൂപ മുടക്കിയത് ആര്‍ക്ക് എന്തിന് വേണ്ടിയെന്ന ചോദ്യങ്ങള്‍ ബാക്കി.