Asianet News MalayalamAsianet News Malayalam

KSRTC : കോഴിക്കോട്ടെ കെഎസ്ആ‍ർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ല; വിദഗ്ധസമിതിയുടെ അന്തിമ റിപ്പോർട്ട്

ഈ മാസം അവസാനം റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിക്കും. നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് തുടങ്ങിയ അന്വേഷണം ഇതോടെ എങ്ങുമെത്തില്ലെന്നുറപ്പായി.

kozhikode ksrtc building complex not damaged says final report of the government expert committee
Author
Kozhikode, First Published Jan 23, 2022, 5:56 AM IST

കോഴിക്കോട്:  കോഴിക്കോട്ട് (Kozhikode)  കെഎസ്ആ‍ർടിസിയുടെ (KSRTC)  കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമ റിപ്പോർട്ട്. തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നാണ് വിധഗ്ദ്ധ സമിതി കണ്ടെത്തൽ. ഈ മാസം അവസാനം റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിക്കും. നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് തുടങ്ങിയ അന്വേഷണം ഇതോടെ എങ്ങുമെത്തില്ലെന്നുറപ്പായി.

70 കോടിരൂപയിലേറെ ചെലവിട്ട് നിർമ്മിച്ച കെഎസ്ആർടിസി കെട്ടിട സമുച്ചയം അപകടാവസ്ഥയിലെന്ന മദ്രാസ് ഐഐടി റിപ്പോർട്ട്, കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന നിര്‍ദ്ദേശം, നിർമ്മാണത്തിലെ ക്രമക്കേടും അഴിമതിയും ആരോപിച്ച് വിജിലൻസ് എടുത്ത കേസ് തുടങ്ങിയവയ്ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഐഐടി റിപ്പോര്‍ട്ടിനെ തളളി സര്‍ക്കാര്‍നിയോഗിച്ച സമിതി കഴിഞ്ഞ മാസം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ അതേ കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുമുളളത്. കെട്ടിടത്തിന് കാര്യമായ പ്രശ്നങ്ങളില്ല. മദ്രാസ് ഐഐടിയുടെ നിഗമനങ്ങളിൽ പാളിച്ചയുണ്ട്. ഘടനാപരമായി മറ്റ് പ്രശ്നങ്ങളില്ലെന്നും തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നുമാണ് റിപ്പോർട്ടിന്‍റെ ഉളളടക്കം. 

പ്രാഥമിക റിപ്പോർട്ടിലെ നിഗമനങ്ങൾ സ്വീകാര്യമെന്ന് നിലപാടെടുത്ത ഗതാഗതവകുപ്പ്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഈ മാസമവസാനം സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളനുസരിച്ച് ബലപ്പെടുത്തൽ നടപടികൾക്ക് ഉടൻ തുടക്കമിടും. നിർമ്മാണത്തിൽ പിഴവുണ്ടെന്ന് കണ്ടെത്തി വിജിലൻസ് കോഴിക്കോട് യൂണിറ്റ് നേരത്തെ പ്രാഥമികാന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ആര്‍ക്കിടെക്റ്റ് ആര്‍ കെ രമേശ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് മൊഴിയുമെടുത്തു. ഐഐടി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു വിജിലന്‍സ് അന്വേഷണമെന്നിരിക്കെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണത്തിന്‍റെയും മുനെയാടിക്കുന്നതാണ്. കെഎസ്ആര്‍ടിസി ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ അധ്യക്ഷനായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ വിദഗ്ധരുൾപ്പടുന്ന സംഘമാണ് ഐഐടി റിപ്പോര്‍ട്ട് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം, കെഎസ്ആര്‍ടിസിയുടെ താല്‍പര്യാര്‍ത്ഥം ഐഐടി റിപ്പോര്‍ട്ട് തളളിക്കളയാനാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതെന്ന വിമര്‍ശനവും ശക്തമാണ്.

Follow Us:
Download App:
  • android
  • ios