കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഫാർമസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. 
ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ അൻപതോളം ജീവനക്കാർ നിരീക്ഷണത്തിൽ പോയി. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉണ്ണികുളം, കരുമല വാർഡുകളിൽ രോഗിയുമായി സമ്പർക്കത്തിലായവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. 

കോഴിക്കോട് ജില്ലയിൽ ഇന്ന് സന്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളിൽ ജില്ലാ കളക്ടർ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കാൻ പാടില്ല. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രയും പാടില്ല. അതിനിടെ വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ സ്റ്റാഫ് നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയിൽ കൊവിഡ് കെയർ സെന്‍ററിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകനും വൈറസ് ബാധ കണ്ടെത്തി. ജില്ലയിൽ 11 പുതിയ നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു.