രണ്ടുവർഷം മുമ്പാണ് ബഹ്റൈൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തത്

കോഴിക്കോട്:കോഴിക്കോട് മലാപ്പറമ്പിലെ അപ്പർട്മെന്‍റിൽ പ്രവർത്തിച്ചിരുന്ന പെൺ വാണിഭ കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ ആറു സ്ത്രീകൾ ഉൾപ്പെടെ 9പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കെട്ടിട ഉടമ സുരേഷ് ബാബു. പൊലീസ് വിളിച്ച് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതനുസരിച്ച് പരിശോധിച്ചപ്പോള്‍ ക്ലോസറ്റിൽ അസ്വഭാവികമായ കാര്യങ്ങള്‍ കണ്ടുവെന്നും കെട്ടിട ഉടമ സുരേഷ് ബാബു പറഞ്ഞു. പെട്ടികളിലടക്കം അസ്വഭാവികമായ കാര്യങ്ങളാണ് കണ്ടത്. 

താൻ കെട്ടിടം ബാലുശ്ശേരി സ്വദേശിയായ മറ്റൊരാള്‍ക്ക് വാടകക്ക് നൽകാൻ വേണ്ടി നൽകിയതാണ്. ഇവിടേക്ക് വരാറില്ല. പൊലീസ് വിളിച്ചപ്പോഴാണ് സ്ഥലത്തെത്തിയത്. ഒരു സംരംഭമാണെന്നും ജീവനക്കാരുണ്ടെന്നുമാണ് പറഞ്ഞത്. വിശ്വസനീയമല്ലാത്ത ആളുകള്‍ക്ക് കൊടുക്കരുതെന്ന് പറഞ്ഞാണ് വെറെ ആള്‍ക്ക് അപാര്‍ട്ട്മെന്‍റ് നടത്താൻ കൊടുത്തതെന്നും സുരേഷ് ബാബു പറഞ്ഞു.

റെയ്ഡിൽ രണ്ടു ഇടപാടുകരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്. നടത്തിപ്പുകാരായ പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീര്‍, തൃക്കലങ്ങേട് സ്വദേശി നഹാസ്, എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്‍റ് രണ്ടുവർഷം മുമ്പാണ് ബഹ്റൈൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തതെന്ന് കെട്ടിട ഉടമ പൊലീസിന് മൊഴി നൽകി. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.