Asianet News MalayalamAsianet News Malayalam

'അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം'; ഡിവൈഎഫ്ഐക്കാരുടെ മർ‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാർ ഹൈക്കോടതിയിൽ

നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചുണ്ടിക്കാട്ടിയാണ് സുരക്ഷാ ജീവനക്കാർ ഹൈക്കോടതിയിലെത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ ദിനേശനടക്കം 3 സുരക്ഷാ ജീവനക്കാരാണ് ഹർജി നൽകിയത്.

Kozhikode Medical college attack, Security officers approaches High court seeking Crime branch Enquiry 
Author
First Published Sep 22, 2022, 1:16 PM IST

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അക്രമത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മർദ്ദനമേറ്റ സുരക്ഷാ ജീവനക്കാർ  ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചുണ്ടിക്കാട്ടിയാണ് സുരക്ഷാ ജീവനക്കാർ ഹൈക്കോടതിയിലെത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ ദിനേശനടക്കം 3 സുരക്ഷാ ജീവനക്കാരാണ് ഹർജി നൽകിയത്. പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പ്രതികള്‍.  മെഡിക്കല്‍ കോളജ് പോലിസിന്റെ അന്വേഷണത്തില്‍  നീതി ലഭിക്കില്ലെന്നും സംഭവത്തില്‍ ക്രൈബ്രാഞ്ച്  അന്വോഷണം വേണമെന്നുമാണ് ആവശ്യം. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാര്‍ ഇന്ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തി. പൊലീസ് പ്രതി ചേര്‍ത്ത രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു സമരം. പ്രതികളെ പിടികൂടാത്ത പക്ഷം സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് സുരക്ഷ ജീവനക്കാര്‍ മുന്നറിയിപ്പ് നൽകി.

അക്രമം നടന്ന് ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ ഇന്നലെ പൊലീസ് ശേഖരിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ പിന്നാലെയായിരുന്നു നടപടി. ഓഗസ്റ്റ് 31ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചെങ്കിലും നിർണായക ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ഹാര്‍ഡ് ഡിസ്ക് ആവശ്യപ്പെട്ട് പൊലീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കിയത് ഈ മാസം 16ന് മാത്രമായിരുന്നു.  പന്ത്രണ്ട് ദിവസം മാത്രമേ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടാകൂവെന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്. അതു കഴിഞ്ഞാല്‍ പഴയ ദൃശ്യങ്ങള്‍ മാഞ്ഞ് പുതിയത് പതിയുമെന്നുമായിരുന്നു മറുപടി. സാധാരണ ഗതിയില്‍ ഇത്തരം അക്രമ സംഭവമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുക്കുകയാണ് അന്വേഷണ സംഘം ചെയ്യുക. എന്നാല്‍ ഈ സംഭവത്തില്‍ അക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ കോപ്പി ചെയ്തെടുത്തത്. ഇത് പക്ഷേ പ്രാഥമിക തെളിവായി കോടതി  പരിഗണിക്കില്ലെന്നാണ് നിയമ വിദഗ്‍ധർ പറയുന്നത്.   

മെഡി.കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കാനില്ലെന്ന് പി.മോഹനൻ

സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തെ സിപിഎം ന്യായീകരിക്കുന്നില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സിപിഎം അതിരൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനത്തിൽ കൂടുതൽ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്ത് വന്നത്. മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതിനെ പാര്‍ട്ടി ന്യായീകരിക്കുന്നില്ല എന്നാൽ പൊലീസിനെ വക്രീകരിച്ച് സര്‍ക്കാരിനെ അധിക്ഷേപിക്കാൻ ശ്രമം നടക്കുന്നുണ്ട് അതൊരിക്കലും വിലപ്പോവില്ല.  ചില പൊലീസ്  ഉദ്യോഗസ്ഥർ സർക്കാർ നയത്തിനും നിലപാടിനുമെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അതിനെയാണ് പാര്‍ട്ടി എതിർക്കുന്നത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. 

 

Follow Us:
Download App:
  • android
  • ios