കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി ബാബുരാജും കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി എം നിയാസുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ ഇരുപക്ഷവും വാക്കേറ്റത്തിലെത്തുകയും കായികമായി നേരിടുകയും ചെയ്തു. 

പ്രതിപക്ഷ അംഗങ്ങൾ അജണ്ട കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് കൗൺസിൽ യോഗം താൽക്കാലികമായി നിറുത്തിവച്ചു. മെഡിക്കൽ കോളേജ് റസ്റ്റ് ഹൗസ് കെട്ടിടത്തിൽ മൂന്ന് മീറ്റർ നീളത്തിൽ ഷീറ്റിട്ടഭാഗം തറവാടക നിശ്ചയിച്ച് നൽകാനുള്ള അജണ്ട മാറ്റിവയ്ക്കാൻ ഭരണപക്ഷ അംഗം ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. തറവാടകയ്ക്ക് സ്ഥലം ആവശ്യപ്പെട്ടത് കോൺഗ്രസ് നേതാവായ കെ സി അബുവിന്റെ മരുമകനായതാണ് അജണ്ട മാറ്റി വയ്ക്കാൻ കാരണമായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഏറ്റുമുട്ടലില്‍ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിന് മര്‍ദ്ദനമേറ്റു.