ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്.

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി. മാനേജുമെൻ്റുകളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ശമ്പളവർധനവടക്കം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും നഴ്സുമാർ പറഞ്ഞു. ഇതോടെ ജില്ലയിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു. ആറ് ആശുപത്രികളിൽ മാനേജുമെൻ്റുമായി നടത്തിയ ചർച്ച വിജയം. ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്. വെള്ളിയാഴ്ച മുതലാണ് യുഎൻഎയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ശമ്പളവർധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ ശമ്പള വർധനത്തിൽ നടപടികൾ കൈകൊള്ളാത്തതുകൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് മാർച്ചിലാണ് തുടങ്ങിയത്. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം ഉണ്ടായത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിച്ചിരുന്നു. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചിരുന്നത്.