സിപിഎമ്മിന്റെ ബഹുജന റാലിയെ തുടർന്ന് കോഴിക്കോട് നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം മൂന്ന് മണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

കോഴിക്കോട്: സിപിഎമ്മിന്‍റെ ബഹുജന റാലിയോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ചൊവ്വാഴ്ച (സെപ്തംബർ 15) ഗതാഗത നിയന്ത്രണം. കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വൈകുന്നേരം മൂന്ന് മണി മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. എലത്തൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ഓവർ ബ്രിഡ്ജ് കയറി വെസ്റ്റ് ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം. ചരക്ക് ലോറികൾ , കണ്ടെയ്നറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ വെങ്ങളം, പൂളാടിക്കുന്നു ഹൈവേ വഴി പോവണമെന്നാണ് അറിയിപ്പ്.

റാലിയിൽ പങ്കെടുക്കുന്നതിനു കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലിയില്‍ നിന്നും പുതിയാപ്പ - വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് പുതിയാപ്പ (നോർത്ത് ബീച്ച്) ഭാഗത്ത് എത്തി പാർക്ക് ചെയ്യണം. പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം - നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് ജംഗ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളെ ഇറക്കി ആളെ ഇറക്കി സരോവരത്തുള്ള ട്രേഡ് സെന്ററിന് അടുത്തുള്ള ഗ്രൌണ്ടിൽ പാർക്ക് ചെയ്യണം. രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുഷ്പ റോഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീ ക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളെ ഇറക്കണം.

സിറ്റി ഭാഗത്തുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം നടക്കാവ് വഴി വന്ന് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജങ്ഷനിൽ ആളെ ഇറക്കി വഴി തിരിച്ച് സരോവരം ജങ്ഷനിൽ ഉള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നാണ് അറിയിപ്പ്. ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി 10 മണി വരെ ഉണ്ടായിരിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കേണ്ടതാണ്. ബഹുജനങ്ങളും ഡ്രൈവർമാരും ബദൽപാതകൾ ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പൊലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ 0495 2721017, 9497975656.