ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻറെ ഡി വൺ കന്പാർട്ട്മെൻറിൽ തീയിട്ട് എട്ട് പേർക്ക് പൊളളലേൽപ്പിക്കുകയും മൂന്ന് പേരുടെ ജീവൻ നഷ്ടമാകാൻ ഇടവരുത്തുകയും ചെയ്ത അക്രമി സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കാണാമറയത്ത് തന്നെയാണ്.
കോഴിക്കോട് : കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ വച്ച കേസിലെ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് യുപിയിലേക്ക് തിരിക്കും. രണ്ട് സിഐമാർ അടങ്ങുന്ന സംഘമാണ് യുപിയിലേക്ക് തിരിക്കുക. നോയ്‍ഡ സ്വദേശി ഷാറൂഖ് സെയ്‍ഫി തന്നെയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ ഇന്ന് കോഴിക്കോട്ട് യോഗം ചേർന്ന പ്രത്യേക അന്വേഷണ സംഘം കേസിൻറെ പുരോഗതി വിലയിരുത്തി.
ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻറെ ഡി വൺ കന്പാർട്ട്മെൻറിൽ തീയിട്ട് എട്ട് പേർക്ക് പൊളളലേൽപ്പിക്കുകയും മൂന്ന് പേരുടെ ജീവൻ നഷ്ടമാകാൻ ഇടവരുത്തുകയും ചെയ്ത അക്രമി സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കാണാമറയത്ത് തന്നെയാണ്. സംസ്ഥാനത്തിനകത്തും പുറത്തും കാടിളക്കി പൊലീസ് നടത്തുന്ന അന്വേഷണം ലക്ഷ്യത്തോട് അടുത്തിട്ടില്ല. ആക്രമണം നടത്തിയത് നോയ്‍ഡ സ്വദേശി ഷാറൂഖ് സെയ്‍ഫി തന്നെയെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കിട്ടിയ കുറിപ്പുകളും ഫോണും വസ്ത്രങ്ങളുമെല്ലാം ഇയാളെക്കുറിച്ച് കൃത്യമായ വിരങ്ങൾ നൽകുന്നതാണെന്ന് സംഘം കരുതുന്നു. റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ച് തയ്യാറാക്കിയ രേഖാചിത്രത്തിൽ തെളിഞ്ഞതും ഇയാൾ തന്നെയെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇയാളെക്കുറിച്ച് പിന്നീട് കിട്ടിയ വിവരങ്ങൾക്കൊന്നും പരസ്പര ബന്ധം ഇല്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
ഷാറൂഖ് സെയ്‍ഫിയെന്ന ഇതര സംസ്ഥാനക്കാരനായ ആൾ ജോലി ചെയ്തെന്ന് കരുതുന്ന കോഴിക്കോട്ടെയും കൊച്ചിയിലെയും വിവിധ കേന്ദ്രങ്ങളിൽ പൊലീസ് എത്തിയെങ്കിലും കൃത്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. രേഖാചിത്രം പൊലീസ് പുറത്തിുവിട്ടതിനെത്തുടർന്ന് ഈ രൂപത്തോട് സാദൃശ്യമുളള നിരവധി പേരുടെ വിവരങ്ങളും ചിത്രങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ എഡിജിപി എംആർ അതിജ് കുമാറിൻറെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കോഴിക്കോട്ട് യോഗം ചേർന്ന് കേസിൻറെ അന്വേഷണ പുരോഗതി വിലയിരുത്തി. അക്രമിയെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങളൊന്നും ഈ ഘട്ടത്തിൽ പൊലീസ് തളളുകയോ കൊളളുകയോ ചെയ്യുന്നില്ല.
അതിനിടെ, കോഴിക്കോട് സിറ്റി പൊലീസിൽ നിന്നുളള നാലംഗ സംഘം ഇന്ന് യുപിയിലേക്ക് തിരിക്കും. രണ്ട് സിഐമാരുടെ നേതൃത്വത്തിലുളള സംഘം അക്രമിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി നോയ്ഡയിലും ഗാസിയാബാദിലും എത്തും. സംഭവത്തിൽ റെയിൽവോ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഐജി ഈശ്വര റാവു ഇന്ന് എലത്തൂരിലെ സംഭവ സ്ഥലം സന്ദർശിച്ചു.
Read More : അഞ്ച് വർഷം മുമ്പ് കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ആ ദിവസം; നീറുന്ന നോവായി മധു, ഒടുവിൽ നീതി
