Asianet News MalayalamAsianet News Malayalam

യുഎപിഎ അറസ്റ്റ്: അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

വിദ്യാർത്ഥികളായ രണ്ടുപേര്‍ക്കെതിരെ ചെറിയ കാരണങ്ങൾക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്ന് പ്രതിഭാഗം വാദിച്ചു. പൊലീസ് റിപ്പോര്‍ട്ടിലെ കുറ്റസമ്മതത്തിൽ സിപിഐ മാവോയിസ്റ്റ് എന്നു പറയുന്നുണ്ടല്ലൊ എന്ന് കോടതി ചോദിച്ചു.

kozhikode uapa arrest bail request will consider day after tomorrow
Author
Kozhikode, First Published Nov 4, 2019, 11:34 AM IST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു.  പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ  സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ  കോടതിയിൽ പറഞ്ഞു. 

വിദ്യാർത്ഥികളായ രണ്ടുപേര്‍ക്കെതിരെ ചെറിയ കാരണങ്ങൾക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ വകുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് റിപ്പോര്‍ട്ടിലെ കുറ്റസമ്മതത്തിൽ സിപിഐ മാവോയിസ്റ്റ് എന്നു പറയുന്നുണ്ടല്ലൊ എന്ന് കോടതി ചോദിച്ചു. തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വരികയാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. 

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസിൽ എന്ത് സമീപനമാണ് പ്രോസിക്യുഷൻ കൈക്കൊള്ളുക എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. അയഞ്ഞ നിലപാടാണ് പ്രോസിക്യുഷൻ കോടതിയിൽ എടുത്തത്. യുഎപിഎ ചുമത്താൻ തക്ക തെളിവുകളുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട് എന്ന് മാത്രമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.

ലഘുലേഖ കണ്ടെത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ യുഎപിഎ ചുമത്താവുന്ന കുറ്റമല്ലെന്ന് പ്രതിഭാഗം വാദിച്ചു. യുവാക്കളായ രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഭാവി നശിപ്പിക്കുന്ന നിലപാട് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്, അതുകൊണ്ട് കോടതി ഇടപെട്ട് യുഎപിഎ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. തെളിവ് ശേഖരിക്കാനുള്ള സാവകാശം നൽകണമെന്ന പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം എതിര്‍ത്തു. പിടികിട്ടാ പുള്ളികളൊന്നുമല്ല അറസ്റ്റിലായവര്‍ എന്നും എപ്പോൾ വേണമെങ്കിലും ഹാജരാകാവുന്നതേ ഉള്ളു എന്നും പ്രതിഭാഗം വാദിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് അടക്കം യുഎപിഎ റദ്ദാക്കാനുള്ള നടപടികൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങൾ അന്വേഷണ സംഘത്തിനെ അറിയു എന്നും പ്രോസിക്യുഷൻ നിലപാടെടുത്തു. 

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റാമെന്ന് കോടതി നിലപാടെടുത്തപ്പോൾ ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios