നിയമ സഹായം നല്‍കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചെന്ന് ഇരുവരുടെയും കുടുംബം പറയുന്നുണ്ടെങ്കിലും സിപിഎം ഏരിയ നേതൃത്വം ഇക്കാര്യം നിഷേധിക്കുകയാണ്. 

കോഴിക്കോട്: പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും താഹ ഫസലും നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെന്ന് വിശദീകരിച്ച് പൊലീസ്. കാട്ടിൽ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ നാട്ടിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ലഘുലേഖകളുടേയോ നോട്ടീസിന്‍റെയോ അടിസ്ഥാനത്തിലല്ല അറസ്റ്റ് ചെയ്തതെന്നും യുഎപിഎ ചുമത്താനുള്ള എല്ലാ തെളിവും ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്. മൂന്നാമതൊരാൾ ഓടിപ്പോയിട്ടുണ്ട്. അയാളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഉണ്ടെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

Read more at:യുഎപിഎ അറസ്റ്റ്: നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്, അന്വേഷണം കൂടുതൽ പേരിലേക്ക്...

അതേസമയം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പ്രാദേശിക നേതൃത്വവും നിലപാട് കടുപ്പിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ആഭ്യന്തര വകുപ്പിന്‍റെ നടപടിയെ വിമര്‍ശിച്ച് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. പൊലീസിന്‍റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ പോലൊരു വകുപ്പ് ചുമത്താവുന്ന അത്ര വലിയ കുറ്റമല്ല. പന്തീരങ്കാവിൽ നടന്നത് നിയമത്തിന്‍റെ ദുരുപയോഗമാണെന്നും പാര്‍ട്ടിയുടെ പ്രാദേശിക ഘടകം പാസാക്കിയ പ്രമേയത്തിൽ പറയുന്നുണ്ട്. 

അലൻ ഷുഹൈബിനും താഹ ഫസലിനും നിയമസഹായം നൽകുന്നത് പാര്‍ട്ടിയാണെന്നാണ് ഇരുവരുടേയും കുടുംബം അവകാശപ്പെടുന്നത്. എന്നാൽ സിപിഎം പ്രാദേശിക നേതൃത്വം ഇക്കാര്യം നിഷേധിക്കുകയാണ്. പാര്‍ട്ടി നിയമ സഹായം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും ഏരിയ കമ്മറ്റി അംഗം കാനങ്ങോട്ട് ഹരിദാസനും പറയുന്നത്. 

അതിനിടെ, കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലുളള അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുളള തീരുമാനം ജയില്‍ അധികൃതര്‍ വേണ്ടെന്നു വച്ചു. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.

Read more at:അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും: തീരുമാനം ഇരുവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാൽ