ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് കഴിഞ്ഞ ദിവസം അസ്ഥികള്‍ കണ്ടെടുത്തത്.

കോഴിക്കോട്: കോഴിക്കോട് വിജില്‍ നരഹത്യാ കേസില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജിലിന് പരിക്കേറ്റിരുന്നില്ലെന്നാണ് പോസ്റ്റ്മോ‌ര്‍ട്ടത്തില്‍ വ്യക്തമായത്. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാന്‍ വിജിലിന്‍റെ അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അതേ സമയം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വെച്ച് അറസ്റ്റിലായ രണ്ടാം പ്രതി രജ്ഞിത്തിനെ കോഴിക്കോട്ടെത്തിച്ചു.

ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് കഴിഞ്ഞ ദിവസം അസ്ഥികള്‍ കണ്ടെടുത്തത്. എന്നാല്‍ വിജിലിന് മരണ സമയത്ത് പരിക്കേറ്റിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനമേറ്റതിന്‍റെ സൂചനകളൊന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. മരണ കാരണം സ്ഥിരീകരിക്കാന്‍ അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. ലഹരി ഉപയോഗം തന്നെയാണോ മരണകാരണമെന്നറിയാനാണ് ഈ നീക്കം.

കിട്ടിയിരിക്കുന്ന അസ്ഥിയും വാരിയെല്ലും വിജിലിന്‍റെതെന്നുറപ്പിക്കാന്‍ ഡി എന്‍ എ സാമ്പിളുകള്‍ പരിശോധനക്കയക്കും. വിജിലിന്‍റെ ബന്ധുക്കളുടെ സാമ്പിളുകള്‍ അടുത്ത ദിവസം ശേഖരിക്കാനാണ് തീരുമാനം. അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി രജ്ഞിത്തിനേയും മറ്റ് രണ്ടു പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. 2019 മാര്‍ച്ച് നാലിനാണ് വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലിനെ കാണാതാകുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്.പിന്നാലെ നരഹത്യ, തെളിവ് നശിപ്പിക്കല്‍തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രണ്ടു പേരെയും എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാം പ്രതി രഞ്ജിതിനെ തെലങ്കാനയില്‍ വെച്ചാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

കോഴിക്കോട് വിജിൽ കേസ്; ശരീരത്തിൽ മർദനത്തിന്റെ സൂചനകളില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്