Asianet News MalayalamAsianet News Malayalam

K Sudhakaran : കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട്;ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

പാർട്ടിയുടെ നിയന്ത്രണത്തിലാവണം സഹകരണ സംഘം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ കണ്ണൂരിലെ മികച്ച ആശുപത്രിയാക്കി മാറ്റുമെന്നും കെ സുധാകരൻ പറഞ്ഞു.

kp saju is the new president og indira gandhi cooperative hospital
Author
Kannur, First Published Dec 6, 2021, 12:54 PM IST

കണ്ണൂർ : ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി (indira gandhi co operative hospital)പ്രസിഡണ്ടായി കെ പി സാജുവിനെ(k p saju) തെരഞ്ഞെടുത്തു. ഡി സി സി അം​ഗമാണ് കെ പി സാജു. 
ഗോപി കണ്ടോത്ത് ആണ് വൈസ് പ്രസിഡണ്ട്. 29 വർഷക്കാലം മമ്പറം ദജിവാകരൻ തലപ്പത്തിരുന്ന ആശുപത്രി ഭരണമാണ് കെ സുധാകരൻ പിടിച്ചെടുത്തത്. കെ സുധാകരന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.

ഗത്യന്തരമില്ലാത്തത് കൊണ്ടാണ് ആശുപത്രി തെരഞ്ഞടുപ്പിൽ മത്സരിച്ചത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.ജനാധിപത്യം നഷ്ടപ്പെട്ട ആശുപത്രിയിൽ ജനാധിപത്യം തിരിച്ച് കൊണ്ടുവരാനായി.മൂന്ന് ടേമിന് അപ്പുറത്ത് നിലവിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കരുതെന്നാണ് കെ പി സി സി തീരുമാനം. സഹകരണ സ്ഥാപന ങ്ങളിൽ ജനാധിപത്യത്തിന്റെ ശുദ്ധവായു കടന്ന് പോകണം. പാർട്ടിയുടെ നിയന്ത്രണത്തിലാവണം സഹകരണ സംഘം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ കണ്ണൂരിലെ മികച്ച ആശുപത്രിയാക്കി മാറ്റുമെന്നും കെ സുധാകരൻ പറഞ്ഞു.

സുധാകരൻ ഇറക്കിയ ഔദ്യോ​ഗിക പാനലിനെതിരെ മൽസരിച്ച മമ്പറം ദിവാകരൻ്റെ (Mambaram Divakaran) പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വർഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. 

അയ്യായിരത്തി ഇരുന്നൂറ് വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ വച്ചായിരുന്നു വോട്ടിംഗ്. രാവിലെ പത്തുമണിമുതൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും ആറര വരെ നടപടികൾ തുടർന്നു. 

പാർട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍റെ പുറത്താക്കലിൽ കലാശിച്ചത്. തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്‍റെ ക്ലൈമാക്സാണ് ഈ പുറത്താക്കൽ.

മമ്പറം ദിവാകരൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് കണ്ണൂർ. 

Follow Us:
Download App:
  • android
  • ios