കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് വോട്ട് കുറയുമെന്നും മജീദ് പറഞ്ഞു.

മഞ്ചേശ്വരത്ത് സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പിനായുള്ള താഴെത്തട്ട് ഒരുക്കങ്ങൾ ലീഗ് പൂർത്തിയാക്കിയതായും കെപിഎ മജീദ് പറഞ്ഞു. മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും മജീദ് വ്യക്തമാക്കി.

ഒക്ടോബർ 21നാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 ന് ഫലപ്രഖ്യാപനം നടക്കും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ട ചൂടിലേക്ക് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ.