മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സതീശൻ ഗ്രൂപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സതീശൻ ഗ്രൂപ്പ്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പരാതിയിൽ രാജു പി നായരുടെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് എന്നാണ് കെപിസിസി വക്താവ് ജിന്റോ ജോൺ പ്രതികരിച്ചിരുന്നത്. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം. അനീതി പർവ്വങ്ങളുടെ ഇരുണ്ടകാലം താണ്ടി ആഗ്രഹങ്ങളുടെ കടലായി ആർത്തലച്ച് കാത്തിരിക്കുന്ന മനുഷ്യർക്ക് നീതി വേണമെന്നും, അത് കഴിവതും നേരത്തെ വേണമെന്നും തോന്നാം. പക്ഷേ തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം- ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.

തിരുമനസ്സ് കൽപ്പിച്ചു നൽകുന്നത് മാത്രമാണ് നീതിയെന്ന് പോരാളികൾ സ്വയം വിശ്വസിക്കുകയും വേണം. രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാർ മാറി വന്നാലും രാജാധികാര രീതികൾ തുടർച്ചയാണെന്നാണ് മുഖ്യമന്ത്രിക്കെതിരായ രൂക്ഷ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലാണ് ജിന്റോ ജോൺ വിമർശനം ഉന്നയിച്ചിട്ടുള്ളത്.

YouTube video player