പെരുമ്പാവൂർ എംഎ.എ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. അദ്ദേഹത്തിൻ്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ് അതീവ ഗൗരവമേറിയ ആരോപണം യുവതി പരസ്യമായി ഉന്നയിക്കുമ്പോഴും എംഎൽഎ നേരിട്ട് വന്ന് വിശദീകരിക്കാൻ തയ്യാറല്ല.

തിരുവനന്തപുരം: ബലാത്സംഗ പരാതിക്ക് പിന്നാലെ ഒളിവിൽ പോയി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ. മുങ്ങിനടക്കുന്ന എംഎൽഎ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടു. എൽദോസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എന്ന് ആവർത്തിക്കുന്ന കോൺഗ്രസ് കടുത്ത സമ്മർദ്ദത്തിലാണ്.

പെരുമ്പാവൂർ എംഎ.എ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. അദ്ദേഹത്തിൻ്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ് അതീവ ഗൗരവമേറിയ ആരോപണം യുവതി പരസ്യമായി ഉന്നയിക്കുമ്പോഴും എംഎൽഎ നേരിട്ട് വന്ന് വിശദീകരിക്കാൻ തയ്യാറല്ല. കോൺഗ്രസ് നേതാക്കൾ പോലും പറയുന്നത് എംഎൽഎയെ ഫോണിൽ കിട്ടുന്നില്ലെന്നാണ്. എംഎൽഎയുടെ ഫോൺ യുവതി മോഷ്ടിച്ചെന്ന് പൊലീസിന് പരാതി നൽകിയ എൽദോസിൻറെ ഭാര്യയുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്. 

മർദ്ദിച്ചെന്ന യുവതിയുടെ ആദ്യ പരാതി വന്നപ്പോൾ അത് ശരിയല്ലെന്നായിരുന്നു എൽദോസ് നേതാക്കളെ അറിയിച്ചത്. പിആർ ഏജൻസിയിലെ സ്റ്റാഫ് എന്ന നിലക്ക് പരിചയപ്പെട്ട് അവര്‍ തന്നെ കബളിപ്പിക്കാൻ ശ്രമിക്കുകയും തൻ്റെ ഫോൺ തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ പീഡന പരാതി ഉ‍യർന്നതോടെയാണ് കെപിസിസി നേതൃത്വം ഔദ്യോഗികമായി വിശദീകരണം തേടിയത്. എന്നാൽ ഇതുവരെ എംഎൽഎ ഇതിന് മറുപടി നൽകിയിട്ടില്ല. 

സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചെങ്കിലും ഇതേ പാര്‍ട്ടി കമ്മീഷൻ സംവിധാനത്തിൻ്റെ പേരിൽ സിപിഎമ്മിനെ വിമര്‍ശിക്കുന്നതിനാൽ തീരുമാനം തിരിച്ചടിയാവും എന്ന വിലയിരുത്തലിൽ പിന്നോട്ട് പോയി. 

സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ വെച്ച് പൊറുപ്പിക്കില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും എന്ത് നടപടി എന്നതിൽ കെപിസിസിക്ക് ഇപ്പോൾ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദവും ഇലന്തൂരിലെ നരബലി പ്രതിയുടെ സിപിഎം ബന്ധവുമൊക്കെ ചർച്ചയാക്കാൻ ഒരുങ്ങിയ പ്രതിപക്ഷത്തെ ശക്തമായി പിന്നോട്ടടിപ്പിക്കുന്നതാണ് എൽദോസ് കേസ്. വിവാദങ്ങളെ നേരിടാൻ കർശന നടപടി എന്ന് ആവർത്തിക്കുമ്പോഴും കേസിൽ ഇനിയും തെളിവുകൾ പുറത്തുവരുമോ എന്നതിൽ കടുത്ത ആശങ്കയിലാണ് കെപിസിസി നേതൃത്വം.