ദില്ലി: കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി അം​ഗീകാരം നൽകി. 96 സെക്രട്ടറിമാർ ഉൾപ്പെടുന്ന ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെപിസിസിക്ക് പുതിയ പത്ത് ജനറൽ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. 

പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നൊഴിവാക്കി. ലീനയെ നേരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല. പ്രസിഡന്റ് ഉൾപ്പടെ നിലവിലുള്ള 50 ഭാരവാഹികൾക്ക് പുറമേയാണ് പുതിയ പട്ടിക. നിർവ്വാഹകസമിതിയിൽ യുഡിഎഫ് കൺവീർ ബെന്നി ബഹനാന്റെ പേരില്ല.

മുൻ ഡിസിസി പ്രസിഡന്റ്  വിജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി എ നാരായൺ, മുൻ മന്ത്രി പി കെ ജയലക്ഷമി, മുൻ എംഎൽഎ ബി ബാബുപ്രസാദ്, ദിപ്തി മേരി വർഗീസ്, കെഎസ് യു മുൻ സംസ്ഥാനപ്രസിഡന്റ് വി എസ് ജോയ്  സോണി സെബാസ്റ്റ്യൻ, വിജയൻ തോമസ്. മാർട്ടിൻ ജോർജ് എന്നിവരാണ് പുതിയ ജനറൽസെക്രട്ടറിമാർ. 84 പേരുടേത്  വലിയ പട്ടികയെന്ന് പറഞ്ഞ് ആദ്യം ഹൈക്കമാൻഡ് തിരിച്ചയച്ച സെക്രട്ടറിമാരുടെ ലിസ്റ്റാണ് വീണ്ടും വലുതാക്കിയത്. മുതിർന്നനേതാക്കളും യുവാക്കളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നവരും പട്ടികയിലിടം നേടി.
 
175 പേരടങ്ങുന്ന നിർവാഹകസമിതിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാന്റെ പേരില്ല. 18 എം പിമാരിൽ ഏഴ് പേർ മാത്രമാണ് പട്ടികയിലുള്ളത്. രാജ്മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ ഉൾപ്പടെയുള്ളവരുമില്ല. എന്നാൽ എല്ലാ എംപിമാരും നിർവാഹകസമിതിയിൽ   എക്സ് ഓഫിഷ്യോ അംഗങ്ങളാണെന്നാണ് കെപിസിസിയുടെ വിശദീകരണം വന്നിട്ടുണ്ട്. കെ വി തോമസിന് സ്ഥാനം നൽകണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രഖ്യാപനമുണ്ടായില്ല.  വലിയ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ എഐസിസി പുനസംഘടനയിൽ കേരളത്തിന് അർഹമായ പ്രാമുഖ്യം കിട്ടിയില്ലെന്ന പരാതി ഉയരുന്നുണ്ട്. ശശി തരൂരിനെ പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവാക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും നേതൃത്വത്തിനെതിരെ കത്തെഴുതിയതോടെ അദ്ദേഹത്തിന്റെ പേര് പട്ടികയിൽ നിന്ന് വെട്ടുകയായിരുന്നെന്നാണ് സൂചന.

updating...