Asianet News MalayalamAsianet News Malayalam

ഗ്രൂപ്പല്ല, മികവ് മാത്രം? ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ രാഹുലുമായി ചർച്ച

14 ഡിസിസികളിലും ഗ്രൂപ്പ് നോക്കാതെ പ്രവർത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

kpcc leaders in delhi to decide on dcc presidents will meet rahul gandhi
Author
New Delhi, First Published Aug 14, 2021, 10:26 AM IST

ദില്ലി: കേരളത്തിലെ കോൺഗ്രസിന് ജില്ലാ തലത്തിൽ പുതിയ നേതൃത്വം വരുന്നതിൽ അടുത്ത കാലത്തെപ്പോഴെങ്കിലും തീരുമാനമുണ്ടാകുമോ? കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെപിസിസി നേതാക്കൾ എംപി രാഹുൽ ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരും രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 

14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ പ്രവർത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇന്നലെ കെ സുധാകരന്‍റെ ദില്ലിയിലെ വസതിയിൽ വി ഡി സതീശനും വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷും പി ടി തോമസും ടി സിദ്ദിഖും യോഗം ചേർന്നിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവറുമായും എ കെ ആന്‍റണി, കെ സി വേണുഗോപാൽ എന്നിവരുമായും നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. 

ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുന്നത്. ഗ്രൂപ്പ് വീതം വെപ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും  ഉമ്മൻചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമതീരുമാനത്തിലെത്താൻ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാൻഡിനെ കാണാൻ കെപിസിസി അധ്യക്ഷൻ തീരുമാനിച്ചത്. 

സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്‍റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാപട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എംപിമാരോ എംഎൽഎമാരോ ഡിസിസി പ്രസിഡന്‍റുമാരാകേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠമായ തീരുമാനം. 

കൊല്ലത്ത് ഐ ഗ്രൂപ്പിൽ തന്നെ തർക്കം രൂക്ഷമാണ്. കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ഒരു പേര് മാത്രം നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവന്തപുരത്ത് ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നു. കണ്ണൂരിൽ കെ സുധാകരന്‍റെ താല്പര്യം നിർണ്ണായകമാണ്. പാലക്കാട് എ വി ഗോപിനാഥ് ആവശ്യം ശക്തമാക്കുകയാണെങ്കിലും വി ടി ബലറാമിനോടാണ് നേതാക്കൾക്ക് താല്പര്യം. പി കെ ജയലക്ഷമിയെ വയനാടും പത്മജാ വേണുഗോപാലിനെ തൃശ്ശൂരും പരിഗണിക്കുന്നുണ്ട്. മുതിർന്ന നേതാക്കളുമായി വീണ്ടും ആശയവിനയം നടത്തിയ ശേഷമാണ് നേതാക്കളുടെ ദില്ലി യാത്ര. എന്താകും തീരുമാനമെന്നത് രാഹുലുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം നേതാക്കൾ ദില്ലിയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios