ദില്ലി: കെപിസിസി ഭാരവാഹിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പട്ടികയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലേക്ക് വിളിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഇന്ന് അവസാന വട്ട ചർച്ചയിൽ പങ്കെടുക്കും. നേതാക്കൾ സമവായത്തിലെത്തിയാൽ പട്ടിക ഹൈക്കമാൻഡിന് കൈമാറും. 

ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്‍റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഇത് വെട്ടിച്ചുരുക്കാനാണ് ഗ്രൂപ്പ് നേതാക്കളെ കൂടി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. പട്ടിക വെട്ടിച്ചുരുക്കാൻ സഹകരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഗ്രൂപ്പ് നേതാക്കൾ മുഖവിലക്കെടുത്തിരുന്നില്ല. 

ഒരാഴ്ച്ചയായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ദില്ലിയിലേക്ക് വിളിപ്പിച്ചത്. ജനറൽ സെക്രട്ടറി പദത്തിലേക്ക് ഇരു ഗ്രൂപ്പും 14 വീതം പേരുകളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. ഇതിനൊപ്പം സെക്രട്ടറിമാർ, വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തേക്ക് ഉയരും. ഇതിൽ അതൃപ്തി അറിയിച്ചാണ് വീണ്ടും ചർച്ചയ്ക്കായി ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.