തിരുവനന്തപുരം: സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത കെ മുരളീധരനെ തള്ളി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കേണ്ടി വരുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. 144 പ്രഖ്യാപിച്ചാൽ പാലിക്കേണ്ടി വരും. ഒക്ടോബർ 31 വരെ നിലവിലെ നിലപാട് കെപിസിസി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടെയിൻമെൻറ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്നായിരുന്നു കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ രാവിലെ അഭിപ്രായപ്പെട്ടത്.  സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. ഈ സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ.  കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെയാണ് ഇപ്പോൾ മുല്ലപ്പള്ളി തള്ളിയിരിക്കുന്നത്. 

കോൺഗ്രസ്സിലെ ഭിന്നത രൂക്ഷമാക്കിയാണ് കെ മുരളീധരൻ-മുല്ലപ്പള്ളി നേർക്ക് നേർ പോര് തുടരുന്നത്. കൂടിയാലോചനയില്ലാതെ സർക്കാരിനെതിരായ സമരം നിർത്തിയത് പേടിച്ചിട്ടാണെന്ന് തോന്നിക്കുമെന്ന് കെ മുരളീധരൻ കഴിഞ്ഞ ദിവസം വിമർശിച്ചു. എംപിമാർ നിഴൽ യുദ്ധം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അന്ത്യശാസനം നൽകിയെങ്കിലും കെപിസിസി പ്രസിഡണ്ടിനോട് വിയോജിപ്പുണ്ടെന്നും വീണ്ടും മുരളീധരൻ ആവർത്തിച്ചു. നേതൃത്വവുമായി കലഹിച്ച് കെപിസിസി പ്രചാരണസമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച മുരളീധരൻ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ചർച്ച കൂടാതെ സമരം നിർത്തിയതിൽ പരസ്യവിമർശനം ഉന്നയിച്ചത്.  

സർക്കാരിനെതിരായ സമരം നിർത്തിയത് പൊതുതാല്പര്യം നിർത്തിയാണെന്ന് മറുപടി നൽകിയ മുല്ലപ്പള്ളി ഇടഞ്ഞുനിൽക്കുന്ന മുരളീധരൻ അടക്കമുള്ള എംപിമാർക്കെതിരെ തുറന്നടിച്ചു. അനുകൂലസാഹചര്യം വിമർശകർ നശിപ്പിക്കരുതെന്ന് പറഞ്ഞ് കെപിസിസി പ്രസിഡണ്ട് വാളോങ്ങുമ്പോഴും മുരളീധരൻ വിമർശനം നിർത്തുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചാരണ സമിതിയുടെ പ്രസക്തി തീ‍ർന്നെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ അത് സ്ഥിരം സമിതിയാണെന്ന് പറഞ്ഞ് മുരളീധരൻ തിരുത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുരളീധരൻ അടക്കമുള്ള ചില എംപിമാരുടെ ആവശ്യം കെപിസിസി തള്ളിയതാണ് പോര് ശക്തമാകാനുള്ള കാരണം. എന്നാൽ എംപി സ്ഥാനം രാജിവെക്കാനില്ലെന്ന് പറയുന്ന മുരളീധരൻ ഒരാൾക്ക് ഒരു പദവി എന്ന മുല്ലപ്പള്ളിയുടെ ആവശ്യം മുന്നോട്ട് വെച്ച് വീണ്ടും നേതൃത്വത്തെ കുഴക്കുന്നു.