തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷം ദുരന്തങ്ങളുടെ കാലമായിരുന്നെന്ന് കെ പി സി സി അധ്യക്ഷൻ‌‍‍ ‌‍‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിഞ്ഞോ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഒന്നും സർക്കാർ നിഷേധിച്ചില്ല. പ്രതിപക്ഷത്തിന് നിയമസഭയിൽ സംസാരിക്കാൻ സമയം നൽകിയില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടിയ ദിവസമാണ് ഇന്നലെ.

മൂന്നേ മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്താണ് പറഞ്ഞതെന്ന് ജനങ്ങൾക്ക് മനസിലായില്ല. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം വർഗീയതയുടെ വിഷം ചീറ്റുന്നതാണ്.  മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട്. മുഖ്യമന്ത്രിക്ക് എന്തെന്നില്ലാത്ത ഭീതിയുണ്ട്. ആദ്യ തെരഞ്ഞെടുപ്പിൽ പിണറായി കുത്തുപറമ്പിൽ ജയിച്ചത് ആർ എസ് എസ് സഹായത്തോടെയാണ്. അന്ന് ഉദുമയിൽ ബിജെപിയെ സഹായിക്കാൻ പിണറായി പോയി.  ബിജെപിയും സിപിഎമ്മും തമ്മിൽ അറിയാത്ത അന്തർധാര ഉണ്ട്. ബിജെപിയെ വളർത്തിയത് ഇടതുപാർട്ടികളാണ്. പിണറായി വിജയൻ മുണ്ടുടുത്ത സ്റ്റാലിൻ ആണ് എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.