തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു സംവത്സരക്കാലം നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ സമാപനം കെപിസിസിയുടെ നേതൃത്വത്തില്‍ വിപുലമായി രീതിയില്‍ ആഘോഷിക്കുമെന്ന്  അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 

എഐസിസി നിര്‍ദ്ദേശപ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമാചന്ദ്രനും പദയാത്രയ്ക്ക് നേതൃത്വം നല്‍കും.

ഒക്ടോബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും പ്രഭാഷണങ്ങളും ബൂത്തുകളില്‍ ഗാന്ധി കുടുംബ സംഗമങ്ങളും മണ്ഡലങ്ങളില്‍ വര്‍ഗീയതയ്ക്കും അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരെ 'ഈശ്വര്‍ അള്ളാ തേരെ നാം' എന്ന ഗാന്ധിസ്മൃതി യാത്രകളും സംഘടിപ്പിക്കും. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന സംസ്ഥാനതല ഗാന്ധി എക്സിബിഷനും എറണാകുളത്ത് ഡിസിസിയുടെ നേത്വത്തില്‍ നടക്കും.