സഹതാപ തരംഗത്തിൽ പാർട്ടി വോട്ടൊന്നും പോകില്ല, ഇത് പിണറായിയുടെ ഏകാധിപത്യത്തിനുള്ള തിരിച്ചടി  

കോട്ടയം : പുതുപ്പള്ളി വിജയം എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് കോൺഗ്രസ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. അവർ തന്നതല്ല. ഞങ്ങൾ പിടിച്ച് വാങ്ങിയതാണ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഇടത് പക്ഷത്തോടുള്ള വെറുപ്പാണ് പുതുപ്പള്ളിയിൽ വ്യക്തമായത്. ഭരിച്ച് ഭരിച്ച് പിണറായി വിജയവും എൽഡിഎഫും ഈ കൊച്ചു കേരളത്തെ കുട്ടിച്ചോറാക്കി. ഒരു തൊഴിലാളി വർഗ പാർട്ടിക്ക് അപമാനമാകുന്ന ഭരണമാണ് കേരളത്തിലുള്ളത്. പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനും എതിരെ ജനം വോട്ട് ചെയ്തുവെന്നാണ് വിലയിരുത്താൻ കഴിയുക. ഇത് രാഷ്ട്രീയ വിജയമാണ്. സഹതാപ തരംഗമില്ലെന്ന് പറയുന്നില്ല. പക്ഷേ സഹതാപ തരംഗത്തിൽ പാർട്ടി വോട്ടൊന്നും പോകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

ഇത് അപ്പയുടെ 13-ാമത്തെ വിജയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചയ്ക്കായി; വിജയപ്പൊലിമയിൽ ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എ കെ ആന്റണിയും അഭിപ്രായപ്പെട്ടു.'പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മൻചാണ്ടിയും കുടുംബവും കടന്ന് പോയത്. മറുപടി നൽകാൻ പുതുപ്പളളിക്കാർ തയ്യാറെടുത്തിരുന്നുവെന്നാണ് അവിടെ പോയപ്പോൾ മനസിലായത്. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചവർക്ക് ഈ വിജയം ബോധക്കേട് ഉണ്ടാക്കി. അവർക്ക് പുതുപ്പള്ളി കടുത്ത ശിക്ഷ നൽകി.

കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ച മുഖ്യമന്ത്രി ഉൾപെടെയുള്ളവർ മാപ്പ് പറയണം. ഇടത് ഭരണത്തോട് അതിശക്തമായ വെറുപ്പുണ്ട്. മാർക്സിറ്റ് അണികളിൽ പോലും പിണറായി ഭരണത്തോട് എതിർപ്പുയർന്നിരിക്കുന്നു. ജന പിന്തുണ നഷ്ടപെട്ട സർക്കാരിന് സാങ്കേതികമായ ഭൂരിപക്ഷം മാത്രം'. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് പ്രസക്തിയില്ല'. പക്ഷേ ഈ വിധി കണ്ട് യുഡിഎഫ് പ്രവർത്തകർ അലസരായി പോകരുതെന്നും എകെ ആന്റണി ഓർമ്മിപ്പിച്ചു. 

YouTube video player