രാഷ്ട്രീയ നേതാവാണെങ്കിൽ 'തറവാടിത്തം' വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡന്‍റ് സിപിഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്.
തിരുവനന്തപുരം: സിപിഎം സെക്രട്ടറിയായി എം വി ഗോവിന്ദൻ ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാരെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും സിപിഐ സെക്രട്ടറിമാർക്കെതിരെ സമാന രീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സിപിഎമ്മിനെയാണ് അതിലൂടെ ഉന്നം വയ്ക്കുന്നത് എന്നത് വ്യക്തമാണ്.
അന്നും ഇന്നും എന്നും ഇത്തരം ഗൂഢ നീക്കങ്ങളെ പ്രതിരോധിച്ചിട്ടുണ്ടെന്നും റിയാസ് കുറിച്ചു. രാഷ്ട്രീയ നേതാവാണെങ്കിൽ 'തറവാടിത്തം' വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡന്‍റ് സിപിഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് 'മിതത്വം' വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു വയ്ക്കുന്നുണ്ട്.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും 'മിതത്വം' കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്. ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെ ജല്‍പ്പനങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്‍റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ലെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉയർത്തിയ ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത് വന്നിരുന്നു. മനസാ വാച തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
എന്നാൽ ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

