തിരുവനന്തപുരം: ചോദ്യങ്ങൾ കേൾക്കാൻ കാത്ത് നിൽക്കാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു മിനുട്ടിൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചു. അതിഥിതൊഴിലാളികൾക്ക് മടക്കടിക്കറ്റ് നൽകാൻ കെപിസിസി തയ്യാറാണെന്ന് വ്യക്തമാക്കാൻ ഇന്നലെ വിളിച്ച വാർത്താസമ്മേളനമാണ് അതിവേഗം അവസാനിച്ചത്. പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു മുല്ലപ്പള്ളിയുടെ ശ്രമമെന്നാണ് വിമർശനം.

പ്രവാസികളുടെ മടങ്ങിവരവും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പടെ സജീവമായി നിൽക്കുമ്പോഴാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് വാർത്താസമ്മേളനം വിളിച്ചത്. വാർത്താ സമ്മേളനത്തിന് 20 മിനിട്ട് വൈകിയെത്തിയ അദ്ദേഹം മൂന്ന് വരി മാത്രം പറഞ്ഞ് വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

കെപിസിസിയിൽ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇടപടെലിലെ അതൃപ്തിയാണ് മുല്ലപ്പള്ളി പ്രകടമാക്കിയത്. ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകിയ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ പിൻവലിച്ചത് മുല്ലപ്പള്ളിക്ക് തിരിച്ചടിയായിരുന്നു. 

ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും സമ്മർദ്ദത്തിലാണ് കെപി അനിൽകുമാറിന് സംഘടനാ ചുമതല നൽകാനുള്ള തീരുമാനം അടക്കം പിൻവലിക്കേണ്ടി വന്നത്. ഇതിന് ശേഷം വിളിച്ച ആദ്യ വാർത്താ സമ്മേളനത്തിൽ ഈ ചോദ്യം ഉയരാൻ സാധ്യതയുണ്ടായിരുന്നു.  ഇതിനാലാണ് വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൂചന. മുല്ലപ്പള്ളിയുടെ നിർദ്ദേശത്തെ ഇന്നലെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളുകയും ചെയ്തു.