ശശി തരൂരിനെ എതിർത്തും അനുകൂലിച്ചും സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം 

തിരുവനന്തപുരം: കോൺഗ്രസ് സംഘടനാപരമായ കാര്യങ്ങളിൽ പരസ്യ പ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംഘടനാ വിഷയത്തിൽ സോണിയാഗാന്ധിക്ക് കത്ത് നൽകിയ ശശി തരൂരിനെ എതിർത്തും അനുകൂലിച്ചും സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തെത്തിയ സാഹചര്യത്തിലാണ് പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്. സംഘടനാപരമായ വിഷയങ്ങളിൽ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

'തരൂർ നമ്മുടെ ശത്രുവല്ല, ശത്രുക്കൾ സി പി എമ്മും ബിജെപിയും'; വിവാദങ്ങള്‍ക്ക് പിന്നാലെ വി ഡി സതീശന്‍

സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം വിവാദം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയെങ്കിലും ശശി തരൂരിനെ ലക്ഷ്യം വയ്ക്കുന്നത് ഇപ്പോഴും ഒരു വിഭാഗം തുടരുകയാണ്. വിശ്വ പൗരൻ ആണെന്ന് കരുതി എന്തും പറയരുതെന്നാണ് കൊടിക്കുന്നിൽ സുരേഷ് തരുരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സംഘടനക്ക് അകത്ത് നിന്ന് പ്രവര്‍ത്തിക്കാൻ തരൂരിന് കഴിയണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ തരൂർ തിരുത്തിയത് അറിയാതെയായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രതികരണമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. എന്നാൽ തരുരിനെ പിന്തുണച്ച് എംഎൽഎമാരായ പിടി തോമസും കെഎസ് ശബരീനാഥനും രംഗത്തു വന്നത് കേരളത്തിലെ തമ്മിലടി വ്യക്തമാക്കുന്നതായി. 

കത്തെഴുതിയ നേതാക്കളെ വെട്ടിയൊതുക്കി കോൺഗ്രസ് ഹൈക്കമാന്‍റ്; കേരളത്തിൽ തരൂരിനെ ചൊല്ലി തമ്മിലടി