കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നിച്ച് നില്‍ക്കുമെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍റിന് നേതാക്കള്‍ കത്തെഴുതിയത് സംബന്ധിച്ച വിവാദത്തില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പില്ലെന്ന് വ്യക്തമാക്കി വി ഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നിച്ച് നില്‍ക്കുമെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്ഥിരം അധ്യക്ഷ പദവി വേണമെന്നും രാഷ്ട്രീയ തീരുമാനങ്ങൾ കാര്യക്ഷമമാകണമെന്നും തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കത്തെഴുതിയ നേതാക്കളിലുള്‍പ്പെട്ട ശശി തരൂരും പി.ജെ.കുരിയനും ആ തീരുമാനത്തിന്റെ കൂടെ നിൽക്കുമെന്നും വി ഡി സതീശന്‍ വിശദമാക്കുന്നു.

ശശി തരൂർ അല്ല കോണ്‍ഗ്രസിന്‍റെ ശത്രുവെന്നും സി പി എമ്മും ബിജെപിയുമാണ് ശത്രുക്കളെന്നും വ്യക്തമാക്കിയാണ് വി ഡി സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പ്. 23 നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്തെഴുതിയത്. കത്ത് എഴുതിയതിനെ എതിര്‍ത്തും ന്യായികരിച്ചും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിനെ കുറിച്ചും എല്ലാം ചൂടേറിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ ഉയര്‍ന്നു വന്നിരുന്നു. 

വി ഡി സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തിൽ ഒപ്പിട്ട ശശി തരൂരും പി.ജെ.കുരിയനും ആ തീരുമാനത്തിന്റെ കൂടെ നിൽക്കും. ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എം.പി. നമ്മുടെ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണ്.