Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് നേതൃമാറ്റം:പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യപ്രസ്താവന പാടില്ലെന്ന് മുല്ലപ്പള്ളി

കടകവിരുദ്ധമായി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധം പരസ്യമായ പ്രസ്താവനകള്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കോണ്‍ഗ്രസിന്റെ അന്തസ്സിന് ചേര്‍ന്നതല്ല.അത് കോണ്‍ഗ്രസിന്റെ ശൈലിയുമല്ല.

kpcc president mullappally ramachandran on congress national level leadership crisis
Author
Thiruvananthapuram, First Published Aug 23, 2020, 5:44 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ഒരിക്കലും ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ രേഖപ്പെടുത്താനുള്ള എല്ലാ സ്വാതന്ത്ര്യവും നേതാക്കള്‍ക്കുണ്ട്. അതിന് കടകവിരുദ്ധമായി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധം പരസ്യമായ പ്രസ്താവനകള്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കോണ്‍ഗ്രസിന്റെ അന്തസ്സിന് ചേര്‍ന്നതല്ല.അത് കോണ്‍ഗ്രസിന്റെ ശൈലിയുമല്ല.

കോണ്‍ഗ്രസിന്റെ പൈതൃകവും ആദര്‍ശവും ജനാധിപത്യബോധവും ഉള്‍ക്കൊള്ളുന്ന കറകളഞ്ഞ മതനിരപേക്ഷവാദിയായ രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള നേതാവിനെയാണ് പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കാവശ്യം. ഇന്ത്യന്‍ ഫാസിസ്റ്റുകളുമായി  നേരിട്ടുള്ള പോരാട്ടമാണ് രാജ്യം ആഗ്രഹിക്കുന്നത്.മോദി സര്‍ക്കാരിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തുന്ന ഇന്ത്യയിലെ ഏകനേതാവ് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയുടെ സത്യസന്ധതയും അഴിമതിക്കെതിരായി പാര്‍ട്ടിക്കുള്ളിലും പുറത്തും എടുക്കുന്ന നിലപാടും തനിക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടിട്ടുണ്ട്.

ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടക്കുമ്പോള്‍  അവരുമായി നേരിട്ടുപോരാട്ടം നടത്തുന്നവരെയാണ്  കോണ്‍ഗ്രസിന് ആവശ്യം. ഒട്ടേറെ 'ഇലപൊഴിയും കാലം'  കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ അടിവേരുകള്‍ ജനഹൃദയങ്ങളിലാണ്.അത് പിഴുതെറിയാന്‍ ആര്‍ക്കും സാധ്യമല്ല. കോണ്‍ഗ്രസ് ഒരു സംസ്‌കാരവും ജീവിത ശൈലിയുമാണ്.അത് പിന്തുടരുന്നവര്‍ക്ക് മാത്രമേ ധീരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കുകയുള്ളു.കോണ്‍ഗ്രസിനെ ഇന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിതന്നെ വേണമെന്ന കെ.പി.സി.സിയുടെ അഭിപ്രായം നേതൃത്വത്തെ പലഘട്ടത്തില്‍ അറിയിച്ചിട്ടുണ്ട്.രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണ് കെ.പി.സി.സിക്കുള്ളത്.ഒന്നും പ്രതീക്ഷിക്കാതെ ഈ പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച കോടിക്കണക്കായ ജനങ്ങളുണ്ട്. അവരുടെ വികാരത്തെ മുറിപ്പെടുത്തുന്നത് ആരായാലും ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios