എകെജി സെന്ററിലെ പടക്കമേറും സോളാർ കേസ് വിവാദ നായികയെ രംഗത്തിറക്കിയതും ജനശ്രദ്ധ തിരിച്ചുവിടാൻ പിണറായി കളിച്ച കളിയെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പിണറായിയെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. എകെജി സെന്ററിലേക്കുള്ള പടക്കമേറ് ഇത്തരത്തിൽ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. ജനശ്രദ്ധ തിരിച്ചുവിടാൻ, ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. 'കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്'.

ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഭാഗമായി സോളാർ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കൾ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിന്‌ കേൾക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങൾ പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി.

കെ.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്

താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയൻ. ആ പരിപ്പ് ഇനിയും കേരളത്തിൽ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും. 

ഞങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുകയാണ്. ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങൾ ബലപ്പെടുത്തുകയാണ്.

ജനശ്രദ്ധ തിരിച്ചുവിടാൻ, ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങൾക്കും വിടുവായത്തങ്ങൾക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങൾ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്! കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്.
ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയ്യിലെ അടുത്ത ആയുധമായ സോളാർ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കൾ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാർട്ടി അണികളോടുപോലും ഒരിത്തിരി സ്നേഹമില്ലാത്ത താങ്കൾ സമ്പൂർണ പരാജയമാണ് പിണറായി വിജയൻ.

ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം....
സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിന്‌ കേൾക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങൾ പറയിപ്പിക്കുക തന്നെ ചെയ്യും