ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോണ്‍ഗ്രസിന്‍റെ മേഖല ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കുമെന്നും സണ്ണി ജോസഫ്.

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്നും ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരിന്‍റെയും ബോര്‍ഡിന്‍റെയും പങ്ക് വ്യക്തമായെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും സാരമായി ബാധിച്ചു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നത്. അന്വേഷണത്തിൽ പൊലീസിന്‍റെ നിഷ്പക്ഷതയിൽ സംശയമുണ്ട്. സംസ്ഥാനന്തര ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്‍റെ മേഖല ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരായിക്കും ജാഥ നയിക്കുക. 

ഈ മാസം 14 ന് കാസർകോട്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായിരിക്കും മേഖല ജാഥകള്‍. എഡിജിപി തലത്തിലുള്ള ഇപ്പോഴത്തെ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാധീനിക്കും. കേവലം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയില്ല. ഇപ്പോഴത്തെ ദേവസ്വം മന്ത്രി പ്രതികളെ സംരക്ഷിക്കുകയാണ്. സമുദായ സംഘടനാ നേതാക്കൾ അടക്കം എല്ലാവരെയും ജാഥയി? പങ്കെടുപ്പിക്കും. പാർട്ടി പരിപാടി ആയതിനാൽ ഔദ്യോഗികമായി ക്ഷണിക്കില്ല. സ്വർണ്ണം എവിടെപ്പോയെന്ന് എം.വി ഗോവിന്ദൻ തെളിയിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.