കെപിസിസി പുനഃസംഘടനയ്ക്കും ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതിനുമുള്ള നീളൻ പട്ടിക വെട്ടിച്ചുരുക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. പ്രവർത്തന മികവിനെ പ്രധാന മാനദണ്ഡമാക്കി പുനഃസംഘടന നടത്താനാണ് തീരുമാനം
തിരുവനന്തപുരം: കെ പി സി സി പുനഃസംഘടനയ്ക്കും ഡി സി സി അധ്യക്ഷൻമാരെ മാറ്റുന്നതിനും പട്ടിക വെട്ടിച്ചുരുക്കാൻ കെ പി സി സി നേതൃത്വം തീരുമാനിത്തു. എ ഐ സി സി നിര്‍ദ്ദേശ പ്രകാരം പട്ടിക വെട്ടിച്ചുരുക്കാൻ വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം, കേരളത്തിൽ പലവട്ടവും ദില്ലിയിൽ മൂന്നു ദിവസവും നടത്തിയ പുനഃസംഘടനാ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല എന്നതാണ് അവസ്ഥ. എത്ര ഡി സി സി അധ്യക്ഷൻമാരെ മാറ്റണമെന്നതിലും ഇനിയും തീര്‍പ്പായിട്ടില്ല. പ്രധാന നേതാക്കളും എം പിമാരും പേരുകള്‍ നിര്‍ദ്ദേശിച്ചു. ഇത് എല്ലാം ഉള്‍പ്പെടുത്തിയ പട്ടികയുമായി എ ഐ സി സിയെ സമീപിച്ചു. നീളൻ പട്ടിക വെട്ടിയൊതുക്കാൻ മറുപടി കിട്ടി. ഇതോടെ ദില്ലി ചര്‍ച്ച മതിയാക്കി നേതാക്കള്‍ കേരളത്തിലേയ്ക്ക് മടങ്ങി. ഇനി പട്ടിക ചുരുക്കാൻ ഇവിടെ ചര്‍ച്ച നടത്തും.
കെ പി സി സി ഭാരവാഹികളെയും ഡി സി സി അധ്യക്ഷൻമാരെയും നിശ്ചയിക്കാൻ മാനദണ്ഡമുണ്ടാക്കും. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ മാനദണ്ഡം വച്ച് പരിഗണിക്കും. പ്രവര്‍ത്തന മികവായിരിക്കണം മുഖ്യമാനദണ്ഡമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. സാമുദായിക ഘടകങ്ങളും പരിഗണിക്കേണ്ടി വരും.
എം പിമാരെ ഒന്നിച്ചു കണ്ട് അഭിപ്രായം കേള്‍ക്കലായിരുന്നു ദില്ലി യാത്രയുടെ പ്രധാന ഉദ്ദേശ്യമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. ഡി സി സി അധ്യക്ഷൻമാരെ മാറ്റുന്നതിലെ എം പിമാരുടെ എതിര്‍പ്പും തര്‍ക്കവും ചര്‍ച്ച പ്രതിസന്ധിയിലാക്കി. കെ പി സി സിക്ക് ജംബോ കമ്മിറ്റിക്കുള്ള നീക്കത്തിനും ദില്ലിയിൽ എതിര്‍പ്പുണ്ടായി. ഇനി കേരളത്തിൽ നടക്കുന്ന ചർച്ചകളിൽ എന്ത് തീരുമാനം ഉണ്ടാകുമെന്നത് കണ്ടറിയണം. എന്തായാലും പുതിയ കെ പി സി സി നേതൃത്വം വിഷയത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
ഇന്നലെയാണ് ദില്ലി ചർച്ചക്ക് ശേഷം കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് കേരളത്തിലേക്ക് മടങ്ങിയത്. കോൺഗ്രസ് പുനഃസംഘടനയിൽ ചർച്ചകൾ ഇനിയും തുടരുമെന്നും ദില്ലി ചർച്ചയിൽ അന്തിമ രൂപമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ചർച്ചകൾ തുടരുമെന്നും കെ പി സി സി അധ്യക്ഷൻ വിവരിച്ചിരുന്നു. ഡി സി സി അധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും അതിന് ശേഷം ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്.
