Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ തോല്‍വി; ഉത്തരവാദികളായവര്‍ക്കെതിരെ കെപിസിസിയുടെ അച്ചടക്ക നടപടി ഇന്ന്

ആലപ്പുഴയിലെ പരാജയത്തിന്‍റെ പ്രധാന കാരണം സംഘടനാപരമായ ദൗര്‍ബല്യമാണെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഒരു നേതാവിന്‍റെയും പേരെടുത്ത് നടപടിക്ക് ശുപാര്‍ശയില്ല

KPCC's disciplinary action against those responsible in defeat at alappuzha
Author
Alappuzha, First Published Jul 3, 2019, 7:00 AM IST

ആലപ്പുഴ: ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ തോല്‍വിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കെപിസിസിയുടെ അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിക്കും. നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് കെ വി തോമസ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പ്രമുഖ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

കെ വി തോമസും കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞിക്കണ്ണനും പി സി വിഷ്ണുനാഥും അടങ്ങിയ കമ്മിറ്റിയാണ് ആലപ്പുഴയിലെ തോല്‍വിയെക്കുറിച്ച് പഠിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ കെപിസിസി പ്രസിഡന്‍റിന് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപടി ഇന്ന് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ആലപ്പുഴയിലെ പരാജയത്തിന്‍റെ പ്രധാന കാരണം സംഘടനാപരമായ ദൗര്‍ബല്യമാണെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ചേര്‍ത്തലയിലും കായംകുളത്തും വലിയ തിരിച്ചടിയുണ്ടായി. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൊത്ത് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിലവിലുള്ള ജംബോ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ സി വേണുഗോപാല്‍, ഡിസിസി പ്രസിഡന്‍റ് എം ലിജു എന്നിവര്‍ പരിമിതികള്‍ക്കിടയിലും പരമാവധി പ്രവര്‍ത്തനം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഒരു നേതാവിന്‍റേയും പേരെടുത്ത് നടപടിക്ക് ശുപാര്‍ശയില്ല. സുതാര്യത ഉറപ്പ് വരുത്താനായി കമ്മിറ്റി റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്‍റ് പരസ്യപ്പെടുത്തുകയും ചെയ്തു.
 

Follow Us:
Download App:
  • android
  • ios