Asianet News MalayalamAsianet News Malayalam

തൃശ്ശൂരിലെ ഹീവാൻസ് നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസൻ പൊലീസ് കസ്റ്റഡിയിൽ

അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകിയാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചത്

KPCC secretary CS Sreenivasan arrested on Heevans investment fraud case Thrissur
Author
First Published Aug 13, 2024, 12:51 PM IST | Last Updated Aug 13, 2024, 12:51 PM IST

തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ ഹീവാൻസ് ഫിനാൻസ് ചെയർമാനാണ്. ഇദ്ദേഹത്തിൻ്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.  

കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈം ഞ്ച്രാഞ്ച് ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകിയാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചത്. ഇതിൽ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി. സുന്ദർ മേനോൻ, സി.എസ് ശ്രീനിവാസൻ എന്നിവരുടെ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായില്ല. മാരക രോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി.
 
പണം കിട്ടാത്ത നിക്ഷേപകർ പോലീസിൽ പരാതി നൽകിയിരുന്നു. ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിന് ജമ്മുവിൽ ഓഫീസില്ലെന്ന് പിന്നീട് വ്യക്തമായി. കേരളത്തിൽ 4 ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. 300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടർന്നാണ് 18 പേരുടെ പരാതിയിൽ  സുന്ദർ മേനോനെ സിറ്റി കമ്മീഷണർ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios