ജ്യോതിലാലിനെ തിരിച്ചെത്തിച്ചത്തിനോട് അനുബന്ധിച്ച് വേറെയും ചില അഴിച്ചു പണിക്കര്‍ സീനിയ‍ര്‍ ഐഎഎസ് തലത്തിൽ ഉണ്ടായിട്ടുണ്ട്. ബിശ്വനാഥ് സിൻഹയ്ക്ക് ആസൂത്രണവകുപ്പിൻ്റെ അധിക ചുമതല നൽകി.

തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ആര്‍.ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽ തിരിച്ചെത്തിച്ച് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജ്യോതിലാലിനെ വീണ്ടും പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചത് (KR Jyothilal Returned to General Administration Department). ഗവര്‍ണ‍ര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ അതൃപ്തിയെ തുടര്‍ന്ന് ഫെബ്രുവരി 17-ന് ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽ നിന്നും സര്‍ക്കാര്‍ മാറ്റിയത്. സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് വരില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ ശ്രമത്തിൻ്റെ ഭാഗമായി ജ്യോതിലാലിനെ മാറ്റിയത്. ഗവര്‍ണറുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ജ്യോതിലാൽ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ തയ്യാറാവാതിരുന്ന ഗവര്‍ണര്‍ ജ്യോതിലാലിനെ മാറ്റിയ ശേഷമാണ് ബജറ്റ് സമ്മേളന നടപടികളോട് സഹകരിച്ചത്. 

ജ്യോതിലാലിനെ തിരിച്ചെത്തിച്ചത്തിനോട് അനുബന്ധിച്ച് വേറെയും ചില അഴിച്ചു പണിക്കര്‍ സീനിയ‍ര്‍ ഐഎഎസ് തലത്തിൽ ഉണ്ടായിട്ടുണ്ട്. ബിശ്വനാഥ് സിൻഹയ്ക്ക് ആസൂത്രണവകുപ്പിൻ്റെ അധിക ചുമതല നൽകി. ശാരദ മുരളീധരന് നഗരമാലിന്യനിര്‍മാര്ജനം, ഊ‍ര്‍ജ്ജപദ്ധതികൾ എന്നിവയുടെ അധിക ചുമതല കൊടുത്തു. പൊതുഭരണവകുപ്പിനൊപ്പം കെ.ആ‍ര്‍.ജ്യോതിലാൽ തുട‍ര്‍ന്നും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യും. എം.ശിവശങ്ക‍ര്‍ ഐഎഎസിന് മൃഗസംരക്ഷണം, ക്ഷീരവികസനം, സാംസ്കാരികം എന്നിവയുടെ ചുമതലകൂടി നൽകി. കെ.എസ്.ശ്രീനിവാസനാണ് പുതിയ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി. ടിങ്കു ബിശ്വാസിനെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിൽ നിയമിച്ചു. തുറമുഖ വകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. അജിത്ത് കുമാറിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി.പ്രിയങ്കയെ വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറായി നിയമിച്ചു.