സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിയന്ത്രണം ഇനിയും തുടരുന്നുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.
കെഎസ്ഇബി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിൽ സംസ്ഥാനത്തെ ജലസംഭരണികളിലെ വെള്ളത്തിൻ്റെ അളവ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ 21.31% മാത്രമാണ് ഡാമുകളിലെ ജലം. കഴിഞ്ഞ വർഷം ഇതേസമയം, 60.65 ശതമാനം ജലം ഉണ്ടായിരുന്നു. ഇതിൽ മഴ ലഭ്യമാകാത്തത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്ന വാദവും കെഎസ്ഇബി വ്യക്തമാക്കുകയാണ്. ഈ വാദം ഇന്ന് സഭയിൽ ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് നടത്തുന്ന പ്രസ്താവനയിൽ ഉണ്ടാകും.
മണസൂൺ ഇത്തവണ ദുർബലമാകുമെന്നത് കാലാവസ്ഥ വകുപ്പ് ഉൾപ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം, ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകൾ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

