Asianet News MalayalamAsianet News Malayalam

KSEB : "മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല'; നിലപാട് വ്യക്തമാക്കി കെഎസ്ഇബി ചെയർമാൻ

ക്രമവിരുദ്ധമായി പാട്ടം നൽകിയ സംഭവങ്ങളുണ്ടെന്ന വിമർശനം ബി അശോക് ആവർത്തിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഒരു ബോധ്യക്കുറവുമില്ല. താൻ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേർത്തു. 

KSEB Chairman B Ashok Clarifies stand on controversy
Author
Trivandrum, First Published Feb 15, 2022, 10:50 AM IST

തിരുവനന്തപുരം: മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി (KSEB) ചെയർമാൻ ബി അശോക് (B Ashok). മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്‍റെ ന്യായീകരണം. മുൻ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ഭൂമി പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ് കുറിപ്പിൽ പറഞ്ഞത് എന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ക്രമവിരുദ്ധമായി പാട്ടം നൽകിയ സംഭവങ്ങളുണ്ടെന്ന വിമർശനം ബി അശോക് ആവർത്തിച്ചു. സർക്കാർ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. ബോർഡിലെ സുരക്ഷ സർക്കാർ അറിഞ്ഞുതന്നെയെന്നും ബി അശോക് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഒരു ബോധ്യക്കുറവുമില്ല. താൻ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേർത്തു. 

വിവാദത്തിന്റെ തുടക്കം

കെ എസ് ഇ ബി ചെയര്‍മാനും (kseb chairman)സിഐടിയു(citu) ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാൻ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.

ചെയർമാന്റെ ആരോപണങ്ങൾ

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു. 

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു.

വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. ഇടതുയൂണിയനുകളും ചെയര്‍മാനും നിലപാടുകളിൽ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി മന്ത്രിയുടേയും സര്‍ക്കാരിന്‍റേയും ഇടപെടല്‍ നിര്‍ണായകമാകും.

Follow Us:
Download App:
  • android
  • ios