കോഴിക്കോട് മീഞ്ചന്ത സ്വദേശി ഭാഗ്യനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂളാടിക്കുന്ന് സ്വദേശി ആത്മപ്രഭന്‍റെ മരണത്തിലാണ് പൊലീസ് നടപടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കെഎസ്ഇബി കരാറുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശി ഭാഗ്യനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂളാടിക്കുന്ന് സ്വദേശി ആത്മപ്രഭന്‍റെ മരണത്തിലാണ് പൊലീസ് നടപടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്വകാര്യ ബാങ്കില്‍ നിന്നും ലോണെടുത്ത് നല്‍കിയ പണം പ്രതി മടക്കി നല്‍കാത്തതായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഇക്കാര്യങ്ങളടങ്ങിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
കെഎസ്ഇബിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ആത്മപ്രഭനെ കഴിഞ്ഞ വര്‍ഷം മെയിലാണ് കല്ലായി കെഎസ്ഇബി ഓഫീസിലെ സെക്യൂരിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഭാഗ്യ നാഥനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഭാഗ്യനാഥന് സ്വകാര്യ ബാങ്കില്‍ നിന്നും ആത്മപ്രഭന്‍ അഞ്ച് വര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് നല്‍കിയിരുന്നു. പലിശയുംമുതലുമെല്ലാമായി അഞ്ച് ലക്ഷം രൂപയോളമായിട്ടും പണം തിരിച്ചടക്കണമെന്ന ആവശ്യം ഭാഗ്യനാഥന്‍ അവഗണിച്ചു. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു ആത്മഹ്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്.


