സംസ്ഥാനത്തിന്‍റെ വൈദ്യുതി ആവശ്യകതയുടെ 70 ശതമാനത്തിലേറെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം നിറവേറ്റാനാകുന്ന ഒരു സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്.

തൃശൂര്‍: അതിരപ്പിള്ളി പദ്ധതിക്ക് ആരോപിക്കപ്പെടുന്ന ദോഷങ്ങളില്ലെന്ന് കെഎസ്ഇബി. ദീർഘകാലമായി കെഎസ്ഇബിയുടെ പരിഗണനയിലുള്ള ജലവൈദ്യുത പദ്ധതിയാണ് 163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അതിരപ്പിള്ളി പദ്ധതി. പാരിസ്ഥിതിക, വനം അനുമതിയുൾപ്പെടെ പദ്ധതിക്ക് വേണ്ട എല്ലാ അനുമതികളും ലഭ്യമായിട്ടും ചില കോണുകളിൽ നിന്നുണ്ടായ എതിർപ്പുകൾ മൂലം പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ തടസ്സപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. ഏറ്റവും കുറച്ചുമാത്രം വനഭൂമിക്ക് നാശമുണ്ടാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളിയിൽ വിഭാവനം ചെയ്തിരുന്നതെന്നാണ് കെഎസ്ഇബി വിശദീകരണം. 

സംസ്ഥാനത്തിന്‍റെ വൈദ്യുതി ആവശ്യകതയുടെ 70 ശതമാനത്തിലേറെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം നിറവേറ്റാനാകുന്ന ഒരു സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. പകൽ സമയത്ത് സൗരോർജ്ജ നിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. എന്നാൽ ഉപയോഗം കുതിച്ചുയരുന്ന വൈകീട്ടത്തെ പീക്ക് മണിക്കൂറുകളിൽ മറ്റ് സ്രോതസുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ഏകദേശ പീക്ക് സമയ വൈദ്യുതി ആവശ്യകതയായ 5800 മെഗാവാട്ടിൽ ഏതാണ്ട് 1600 മെഗാവാട്ട് മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽ നിന്നും ലഭ്യമാകുന്നത്. 

ബാക്കി മുഴുവന്‍ ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിൽ നിന്നും മറ്റും വലിയ വില നൽകി വാങ്ങി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് കെഎസ്ഇബി. അനുദിനം വർദ്ധിക്കുന്ന വൈദ്യൂതി ആവശ്യകത നേരിടുന്നതിനും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനും ജലവൈദ്യുത പദ്ധതികളിൽ നിന്നുൾപ്പെടെ ആഭ്യന്തര വൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ചേതീരൂ.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ജലസമൃദ്ധിയെയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നതായിരുന്നു അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് ഉയർന്നുവന്ന പ്രധാന ആശങ്ക. എന്നാൽ ആ ആശങ്ക തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെഎസ്ഇബി പറയുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജലപ്രവാഹത്തിന് ഒരു കോട്ടവും ഉണ്ടാകാതിരിക്കാനാണ് 160 മെഗാവാട്ടിന്‍റെ മുഖ്യ ജനറേറ്റിംഗ് യൂണിറ്റുകളെക്കൂടാതെ മൂന്ന് മെഗാവാട്ടിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെറിയ ജനറേറ്റര്‍ കൂടി പദ്ധതിയുടെ ഭാഗമാക്കിയത്. ഈ ജനറേറ്റർ പൂർണ്ണ സമയവും പ്രവർത്തിപ്പിക്കുന്നതിലൂടെ എല്ലാ സമയത്തും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ ജലപ്രവാഹം ഉറപ്പാണ്. നിലവിൽ വേനൽക്കാലത്ത് വെള്ളച്ചാട്ടം വരണ്ടുണങ്ങുന്ന സ്ഥിതി ഒഴിവാകുകയും വർഷം മുഴുവന്‍ വിനോദസഞ്ചാരികളുടെ സാന്നിധ്യം ഉറപ്പാകുകയും ചെയ്യുമെന്നും കെഎസ്ഇബി പറയുന്നു. 

പദ്ധതിയുടെ ഗുണങ്ങളെ കുറിച്ച് കെഎസ്ഇബി പറയുന്നതിങ്ങനെ

1. മഴയില്ലാത്ത സാഹചര്യങ്ങളിൽ അതിരപ്പിള്ളിക്ക് മുകൾഭാഗത്തുള്ള പൊരിങ്ങൽക്കുത്ത്, ഷോളയാർ എന്നീ ജലവൈദ്യുത പദ്ധതികൾ രാത്രി സമയത്തുമാത്രമാണ് പൂർണ്ണതോതിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെ രാത്രിയിൽ വെള്ളച്ചാട്ടത്തിലൂടെ നിഷ്പ്രയോജനമായി ഒഴുകിപ്പോകുന്ന ജലം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ജലാശയത്തിൽ ശേഖരിച്ച് പകൽ സമയം വെള്ളച്ചാട്ടത്തിലൂടെ തുറന്നുവിടാൻ കഴിയും. തത്ഫലമായി വേനൽക്കാലത്തും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ആകർഷണീയതയും മനോഹാരിതയും പതിന്മടങ്ങായി വർധിക്കും. 

2. അതിരപ്പിള്ളി വെള്ളച്ചാട്ടം വേനൽക്കാലത്ത് വരണ്ടുണങ്ങുന്ന നിലവിലെ സ്ഥിതി ഒഴിവാകും. വേനൽക്കാലം മുഴുവന്‍ അതിരപ്പിള്ളിയിൽ ജലപ്രവാഹം ഉണ്ടാവും. മഴക്കാലത്ത് അതിരപ്പിള്ളിയിൽ സ്വാഭാവികമായ ജലസമൃദ്ധിയുമുണ്ടാകും. വിനോദ സഞ്ചാരികൾക്ക് വർഷം മുഴുവന്‍ അതിരപ്പിള്ളിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയും

3. ചാലക്കുടിപ്പുഴയുടെ താഴ്ന്ന ഭാഗങ്ങളിലെ ജനങ്ങൾ പ്രളയത്താൽ എല്ലാക്കൊല്ലവും ബുദ്ധിമുട്ടുകയാണ്. ജലപ്രവാഹം നിയന്ത്രിക്കുന്നതിലൂടെ ചാലക്കുടി പുഴയിലെ പ്രളയഭീഷണി വലിയതോതിൽ ഒഴിവാക്കാൻ അതിരപ്പിള്ളിയിലെ നിർദ്ദിഷ്ട അണക്കെട്ട് സഹായിക്കും.

4. നിലവിൽ വെള്ളച്ചാട്ടമല്ലാതെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്നും അതിരപ്പിള്ളിയിലില്ല. പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ജലാശയത്തിൽ ബോട്ടിംഗ് ഉൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാര സാധ്യതകൾ പുതുതായി സൃഷ്ടിക്കപ്പെടും. റോപ് വേ, സിപ് ലൈൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി വിനോദസാധ്യതകൾ ഒരുക്കാനാകും. സീപ്ലെയിൻ സർവീസിന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി ലഭ്യമാക്കുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി ജലാശയത്തിൽ സീപ്ലെയിനിറക്കാൻ കഴിയും. ഇത്തരത്തിൽ ഈ മേഖലയുടെ ടൂറിസം സാധ്യത അനന്തമാണ്.

5. അതിരപ്പിള്ളിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. പദ്ധതിയുടെ ഭാഗമായി കെ എസ് ഇ ബി ഏറ്റെടുക്കുന്ന സ്ഥലത്തും സമീപത്തെ നാശോന്മുഖമായിക്കിടക്കുന്ന പ്ലാൻ്റേഷൻ മേഖലയിലും സഞ്ചാരികൾക്ക് വേണ്ട പാർക്കിംഗ്, റിക്രിയേഷൻ, ടോയ് ലെറ്റ്, ഷോപ്പിംഗ് ഏരിയ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കഴിയും.

വീടിന് പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത്! സിസിടിവിയിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയിൽ ഞെട്ടി നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം