അത്യുഷ്ണത്തെ തുടർന്ന് കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണ്. ഗ്രിഡ് തകരാറിലാകാതിരിക്കാൻ, വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് ബോർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം: അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നതെന്ന് കെഎസ്ഇബി വിശദീകരണം. കേരളത്തിൽ അത്യുഷ്ണത്തിന്‍റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള ഉന്നതതലയോഗം ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മിൻഹാജ് ആലം, ഡയറക്ടർമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇത് 41 ഡിഗ്രിവരെ കൂടിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27ന് സർവ്വകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം ആറിന് ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി.
രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ വിപണിയിൽ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്‍റെ കുറവ് ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.
വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകീട്ട് ആറ് മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസ്സിലാകുന്നത്.
എന്നാൽ, രാത്രി 9.30 നുശേഷം അർദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളിൽ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെയുള്ള ഊർജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നും യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ലഭിക്കുന്നതോ പവർ എക്ചേഞ്ചിൽ നിന്നും കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതോ ആയ സാഹചര്യമുണ്ടായാൽ നിലവിലെ പ്രതിസന്ധിക്ക് അയവുവരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു
വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും.
വൈദ്യുതി വിതരണം തടസരഹിതമായി നിർവ്വഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാനും കഴിയും. ഇൻഡക്ഷൻ കുക്കറിന്‍റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.


