Asianet News MalayalamAsianet News Malayalam

37,746 രൂപയുടെ ബില്ലിട്ട് കെഎസ്ഇബി: എസ്റ്റേറ്റ് ലയത്തിലെ കുടുംബം ആറ് മാസമായി ഇരുട്ടിൽ

ജനുവരിയിലാണ് ഈ രണ്ടുമുറി ലയത്തിൽ ഈ കുടുംബം താമസമാക്കിയത്. തുടർന്ന് നാല് തവണ ബിൽ അടച്ചിരുന്നു. 130 രൂപയോളമാണ് അതുവരെ ചാർജ്ജ് വന്നിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ വന്നത് 37,746 രൂപയുടെ ബില്ല്.

KSEB gave Huge amount of bill for family which stays in one-room home in estate quarters
Author
വണ്ടിപ്പെരിയാര്‍, First Published Jun 30, 2022, 9:38 AM IST

ഇടുക്കി: ഭീമമായ വൈദ്യുതി ബില്ല് അടക്കാൻ കഴിയാത്തതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതോടെ ആറു മാസമായി മെഴുകുതിരി വെട്ടത്തിൽ പഠിക്കേണ്ട ഗതികേടിലാണ് തോട്ടം തൊഴിലാളികളുടെ രണ്ടു പെൺമക്കൾ. ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഗണേശൻറെ കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്.

കഴിഞ്ഞ ആറുമാസമായി ഏഴാം ക്ലാസുകാരി ഭാനുവിൻറെയും അനുജത്തി ആറിൽ പഠിക്കുന്ന കാവ്യയുടെയും പഠനം ഇങ്ങനെ മെഴുകു തിരി വെട്ടത്തെ ആശ്രയിച്ചാണ്. 2021 ജനുവരിയിലാണ് ഈ രണ്ടുമുറി ലയത്തിൽ ഈ കുടുംബം താമസമാക്കിയത്. തുടർന്ന് നാല് തവണ ബിൽ അടച്ചിരുന്നു. 130 രൂപയോളമാണ് അതുവരെ ചാർജ്ജ് വന്നിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ വന്നത് 37,746 രൂപയുടെ ബില്ല്. പണമില്ലാത്തതിനാൽ തുക അടക്കാൻ കഴിഞ്ഞില്ല. ഇതോടെ ജനുവരിയിൽ കണക്ഷൻ വിച്ഛേദിച്ചു. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെ ഉപയോഗിച്ച അധിക വൈദ്യുതിയുടെ ചാർജ്ജാണിതെന്നാണ് കെഎസ്ഇബി നൽകിയ മറുപടി.

ഗണേശന്റെ ഭാര്യ എസ്റ്റേറ്റിൽ സ്ഥിരം തൊഴിലാളിയായതിനെ തുടർന്നാണ് ഇവർക്ക് ലയം അനുവദിച്ചത്. തകർന്നു കിടന്നിരുന്ന ലയം സ്വന്തം ചിലവിലാണ വാസയോഗ്യമാക്കിയത്. ഒപ്പം വൈദ്യുത ലൈനിലും അറ്റകുറ്റപ്പണികൾ നടത്തി തകരാറുകൾ പരിഹരിക്കുകയും ചെയ്തിരുന്നു. ആരോഗ്യ കാരണങ്ങളാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഗണേശൻ. ഭാര്യ റാണിയുടെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. സംഭവം സംബന്ധിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരം ആകുന്നതു വരെ മറ്റൊരു ലയം നൽകാമെന്ന് തോട്ടം മാനേജ്മൻറ് അറിയിച്ചെങ്കിലും ഇവർ മാറാൻ തയ്യാറായിട്ടില്ല. 

Follow Us:
Download App:
  • android
  • ios