ചാലക്കുടി: നിര്‍ദ്ദിഷ്ട ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറി ഉടൻ തുടങ്ങും. ഇതിൻറെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ ഗുരുതുര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.പദ്ധതിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

കേരള ഷോളയാറില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറത്തു വിടുന്ന വെള്ളം വീണ്ടും ഒരു ടണലിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി ലക്ഷ്യമിടുന്നത്.പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം.

150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അണക്കെട്ട് വേണ്ട എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിത മഴക്കാടുകളില്‍ ഒന്നായ ഷോളയാര്‍ മഴക്കാടുകളിലെ എട്ട് ഹെക്ടര്‍ വനമാണ് വനം വകുപ്പ് പദ്ധതിക്കായി വിട്ടു നല്കിയിരിക്കുന്നത്.ഇവിടെയുളള 1897 മരങ്ങളും അതിലധികം ചെറുമരങ്ങളും പദ്ധതിക്കായി മുറിച്ചു മാറ്റും.

എന്നാല്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും പതിവായ മേഖലയാണ് ഇതിനായി കെഎസ്ഇബി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആരോപണം. അടുത്ത മാസം ആദ്യവാരം മരം മുറി തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.അതിനു മുന്നോടിയായി കടുത്ത പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് പരിസ്ഥിതിപ്രവര്‍ത്തരുടെ തീരുമാനം.