'വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യത. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം.'

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത വേനല്‍ച്ചൂടില്‍ വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നാണ് കെഎസ്ഇബി അറിയിപ്പ്. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസിനെ ബാധിച്ചേക്കാമെന്നാണ് കെഎസ്ഇബി അറിയിപ്പ്. 

കെഎസ്ഇബി അറിയിപ്പ്: കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസം മാക്‌സിമം ഡിമാന്റ് 5478 മെഗാവാട്ടായി. രാത്രി 10.28-നാണ് മാക്‌സിമം ഡിമാന്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയിലെ 5529 മെഗാവാട്ടെന്ന റെക്കോര്‍ഡ് നിലയില്‍ നിന്നും നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ ഉപഭോഗം 10.85 കോടി യൂണിറ്റായിരുന്നു. 

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉപഭോക്താക്കള്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചതു കൊണ്ടാണ് മാക്‌സിമം ഡിമാന്റില്‍ കുറവ് വന്നത്. തുടര്‍ന്നും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കും. ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാനും സാധിക്കും. 

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുത്. പീക്ക് സമയത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്‌സ് എല്‍.ഇ.ഡി. ബള്‍ബ്, രണ്ട് 20 വാട്‌സ് എല്‍.ഇ.ഡി. ട്യൂബ്, 30 വാട്‌സിന്റെ 2 ബി.എല്‍.ഡി.സി. ഫാനുകള്‍, 25 ഡിഗ്രി സെന്റീഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര്‍ എ.സി. എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നതു കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം.

ജനപങ്കാളിത്തം ഉറപ്പു വരുത്തിയാണ് കേരളം സാമൂഹിക വികസന സൂചികയില്‍ രാജ്യത്ത് മുന്‍പന്തിയില്‍ എത്തിയത്. വൈദ്യുതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ നമുക്ക് മുന്നേറാം. ഇത്തരത്തില്‍ സാമൂഹികാവബോധത്തോടെയുള്ള ഇടപെടല്‍ നമ്മെ ഊര്‍ജ്ജ സാക്ഷരരാക്കുകയും അതുവഴി നമ്മുടെ കേരളം പരിസ്ഥിതി സൌഹൃദവും സുസ്ഥിര വികസന സംസ്‌കാരമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും.

പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗം: ദില്ലി പൊലീസിന് പരാതി നല്‍കിയെന്ന് സിപിഎം

YouTube video player