തിരുവനന്തപുരം:  മാർച്ച് 31വരെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്നും മീറ്റർ റീഡിം​ഗ് ഉണ്ടാകില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ നടപടി.

ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാൽ പിഴ ഈടാക്കില്ലെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. കൊറന്‍റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്തതിനാലായിരുന്നു കെഎസ്ഇബിയുടെ ഈ തീരുമാനം. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.