Asianet News MalayalamAsianet News Malayalam

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല: ഓണ്‍ലൈനായി അടയ്ക്കണം

ഡിജിറ്റൽ പണമിടപാടിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട കെഎസ്ഇബി ഉത്തരവിൽ പറയുന്നു. 

KSEB to convert all bill transactions to online mode
Author
Trivandrum, First Published Jul 23, 2022, 3:00 PM IST

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി (KSEB). ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം. 

ഓൺലൈൻ ബാങ്കിങ്ങും യുപിഐ ഡിജിറ്റൽ വാലറ്റുകളും ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും ശ്രദ്ധിക്കുക. ബില്ലു കിട്ടിയാൽ ഉടൻ പണവുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് ഓടേണ്ട. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല.  ഡിജിറ്റൽ പേയ്മെന്റായി മാത്രമേ പണം സ്വീകരിച്ചാൽ മതിയെന്നാണ് തീരുമാനം. 

അടുത്ത തവണ  മുതൽ ഇത് നിർബന്ധമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നി‍ർദ്ദേശം നൽകി. ബുദ്ധിമുട്ടുള്ളവ‍ക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നൽകിയാൽ മതിയെന്നും നി‍ർദ്ദേശത്തിൽ പറയുന്നു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ തരം ഉപഭോക്താക്കൾക്കും ബാധകമാണ്. നിലവിൽ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ‍‍ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേ‍ർന്ന ബോ‍ർഡ് യോഗം നിർദ്ദേശിച്ചിരുന്നു.  ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊ‍‍ർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നി‍ർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. 

എന്നാൽ ഉപഭോക്താക്കളെ ഉപദ്രവിക്കാതെ വേണം തീരുമാനം നടപ്പാക്കാനെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടനകൾ അണികൾക്ക് നി‍ദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ഇബിയിൽ നിലവിൽ നല്ലൊരു ശതമാനം ഉപഭോക്താക്കളും ഡിജിറ്റലായാണ് പണം അടയ്ക്കുന്നതെന്നും നൂറു ശതമാനം ഇടപാടുകളും ഈ നിലയിൽ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെഎസ്ഇബി പുതിയ പരിഷ്കാരത്തെക്കുറിച്ച് വിശദീകരിക്കുന്നു. അൻപത് ശതമാനത്തോളം ഉപഭോക്താക്കൾ നിലവിൽ ഓണ്‍ലൈൻ വഴി പണമടയ്ക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ കണക്ക്. അതേസമയം പ്രീപെയ്ഡ് കണക്ഷനുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഒരു വിഭാഗം ജീവനക്കാര്‍ പുതിയ പരിഷ്കാരത്തെ കാണുന്നത്. 

Follow Us:
Download App:
  • android
  • ios