ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ണായക പദ്ധതിയുമായി കെഎസ്ഇബി; 12 ദിവസം നീളുന്ന 90 മണിക്കൂര്‍ പരിശീലന പദ്ധതി

ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കും.  

KSEB with plan to ensure employee safety 90 hour training program spanning 12 days

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി ഇതിന്റെ ഭാഗമായി കെ.എസ് ഇ ബി ഡയറക്ടർ സുരേന്ദ്ര പിയും, കേന്ദ്ര പവര്‍‍‍ സെക്ടർ സ്‌കില്‍‍ കൗണ്‍സില്‍ സി ഇ ഒ വി കെ. സിംഗും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കും. 

ഈ മാസം ആരംഭിക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യ ഘട്ടം ആറുമുതല്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ്  കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. മൂലമറ്റം പവര്‍ എന്‍‍ജിനീയേഴ്സ് ട്രെയിനിംഗ് ആൻഡ് റിസര്‍ച്ച് സെന്റര്‍, റീജിയണല്‍ പവര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പരിശീലനം നല്‍കുക. വൈദ്യുതി വിതരണ മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതി ഈ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് കെഎസ്ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലികള്‍ക്കിടെ ജീവനക്കാര്‍ക്കു വൈദ്യുതാഘാതമേറ്റ് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരമെന്ന നിലയില്‍ വൈദ്യുതി വകുപ്പ് പരിശീലന പരിപാടി ആവിഷ്‌കരിക്കുന്നത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി മാനദണ്ഡ പ്രകാരം വൈദ്യുതി വിതരണ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഐ ടി ഐ വിജയിച്ചവരോ അല്ലെങ്കില്‍ വൈദ്യുതി വകുപ്പ് നടപ്പാക്കുന്ന സുരക്ഷാ നൈപ്യുണ്യ പരിശീലനത്തില്‍ പങ്കെടുത്തവരോ ആയിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഡയറക്ടർമാരായ ബിജു ആര്‍, ശിവദാസ് എസ്, ചീഫ് എന്‍ജിനീയര്‍ (എച്ച്.ആര്‍.എം.) ഗീത എം., മൂലമറ്റം പെറ്റാര്‍ക് ഡെപ്യൂട്ടി ചീഫ് എന്‍‍ജിനീയര്‍  പ്രശാന്ത് കെ.ബി. എന്നിവര്‍ സന്നിഹിതരായിരുന്നു. 

കൂടുതൽ നടപടി ഉണ്ടാകുമോ? ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios