കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന് എഴുന്നള്ളിച്ചത് ആനയെയല്ല ആനവണ്ടിയെയാണ്!
കൊട്ടാരക്കര: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സജീവമാകുന്നതിനിടെ വ്യത്യസ്‌തമായൊരു ഉത്സവക്കാഴ്‌ച്ചയ്‌ക്ക് വേദിയായിരിക്കുകയാണ് കൊട്ടാരക്കര. ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന് ഇവിടെ എഴുന്നള്ളിച്ചത് ആനയെയല്ല 'ആനവണ്ടി'യെയാണ്!
കെഎസ്‌ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ഷോപ്പ് വാന്‍ ആണ് ഉത്സവത്തിന് എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച് ഗജരാജപ്രൗഢിയോടെ തന്നെയായിരുന്നു ആനവണ്ടിയുടെ വരവ്.
ആനവണ്ടി എഴുന്നള്ളിപ്പ് കാണാന്‍ റോഡിനിരുവശവും വന്‍ ജനക്കൂട്ടമായിരുന്നു. കൊട്ടാരക്കര കെഎസ്‌ആര്‍ടിസി വര്‍ഷം തോറും ഉത്സവാഘോഷങ്ങളുടെ ഭാഗമാകാറുണ്ട്. ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കാറാണ് പതിവ്. ഇക്കുറി എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്ന ആശയം കൂടിയായതോടെ സംഗതി വേറെ ലെവലായി. ആനവണ്ടി എഴുന്നള്ളിച്ച് കൊട്ടാരക്കരക്കാരും പറഞ്ഞു, ഞങ്ങള് വേറെ ലെവലാന്ന്....!!
